കേരളത്തിൽ ജനസംഖ്യാ തകർച്ച: ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ ജനനങ്ങളേക്കാൾ കൂടുതൽ മരണമെന്ന് റിപ്പോർട്ട്
കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ ജനന നിരക്കിനേക്കാൾ കൂടുതൽ മരണ നിരക്ക് രേഖപ്പെടുത്തുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ഇരു സമുദായങ്ങളുടെയും സ്വാഭാവിക ജനസംഖ്യാ വളർച്ചാ നിരക്ക് താഴേക്ക് നീങ്ങുകയാണ്. സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ കഴിഞ്ഞ പത്ത് വർഷത്തെ (2014-2023) വാർഷിക റിപ്പോർട്ടുകൾ വിശകലനം ചെയ്തപ്പോഴാണ് ഈ ജനസംഖ്യാപരമായ മാറ്റം പുറത്തുവന്നത്.
നിലവിൽ മരണങ്ങളേക്കാൾ കൂടുതൽ ജനനങ്ങൾ രേഖപ്പെടുത്തുന്ന മുസ്ലീം ജനസംഖ്യയാണ് കേരളത്തിന്റെ മൊത്തത്തിലുള്ള ജനസംഖ്യാ വളർച്ചാ നിരക്ക് നെഗറ്റീവാകാതെ പോസിറ്റീവായി നിലനിർത്തുന്നത്. എന്നാൽ മുസ്ലീം സമുദായത്തിലെയും ജനന നിരക്ക് കുറയുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 2023-ൽ കേരളത്തിന്റെ മൊത്തത്തിലുള്ള സ്വാഭാവിക ജനസംഖ്യാ വളർച്ചാ നിരക്ക് വെറും 0.249% ശതമാനമാണ്. എന്നാൽ സമുദായം തിരിച്ചുള്ള കണക്കുകൾ പ്രകാരം ഹിന്ദു സമുദായം 0.115%, ക്രിസ്ത്യൻ സമുദായം 0.084% എന്നുമാണ് സൂചിപ്പിക്കുന്നത്. ഒരു സമുദായത്തിന്റെ വളർച്ചാ നിരക്ക് നെഗറ്റീവ് ആകുക എന്നാൽ, ആ സമുദായത്തിൽ പുതിയ തലമുറയുടെ ജനനം വഴി മാത്രം ജനസംഖ്യാ തോത് നിലനിർത്താൻ സാധിക്കുന്നില്ല എന്നാണ് അർഥമാക്കുന്നത്. ഹിന്ദു സമുദായത്തിന്റെ വളർച്ചാ നിരക്ക് ആദ്യമായി 2022-ലാണ് നെഗറ്റീവ് (-0.080%) ആയത്. ക്രിസ്ത്യൻ സമുദായം 2021 മുതൽ (-0.095%) നെഗറ്റീവ് പരിധിയിലാണ് തുടരുന്നത്.