പാപ്പയുടെ ആഫ്രിക്കന്‍ യാത്ര; അറിയാം അഞ്ച് പ്രധാന വിവരങ്ങള്‍
സഭ ഗണ്യമായ വളര്‍ച്ചയിലൂടെ കടന്നുപോകുന്ന ആഫ്രിക്കയിലേക്കുള്ള ലിയോ 14-ാമന്‍ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക യാത്രയെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍:
1. ലിയോ 14-ാമന്‍ പാപ്പയുടെ ബഹുഭാഷാ വൈദഗ്ധ്യം ലോകം ദര്‍ശിക്കാന്‍ പോകുന്ന യാത്ര
10 ദിവസത്തിനുള്ളില്‍ നാല് രാജ്യങ്ങളിലായി 11 നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പാപ്പയുടെ ബഹുഭാഷാ വൈദഗ്ധ്യം ലോകത്തിന് നേരിട്ട് ദൃശ്യമാകുന്ന യാത്രയായി ആഫ്രിക്കന്‍ പര്യടനം മാറിയേക്കും. സന്ദര്‍ശന വേളയില്‍ എട്ട് ദിവ്യബലികള്‍ അര്‍പ്പിക്കുകയും 24 പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്ന പാപ്പ അള്‍ജീരിയയിലും കാമറൂണിലും ഫ്രഞ്ച് ഭാഷയും അംഗോളയില്‍ പോര്‍ച്ചുഗീസ് ഭാഷയും ഇക്വറ്റോറിയല്‍ ഗിനിയില്‍ സ്പാനിഷും ഇംഗ്ലീഷും ആശയവിനിമയത്തിനായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പാപ്പക്ക് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നീ ഭാഷകള്‍ സംസാരിക്കാന്‍ കഴിയും. കൂടാതെ ലാറ്റിന്‍, ജര്‍മ്മന്‍ എന്നിവ വായിക്കാനുമാകും. അതിനാല്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ പാപ്പയുടെ ബഹുഭാഷാ വൈദഗ്ധ്യം പ്രകടമാകുമെന്ന് കരുതപ്പെടുന്നു.
2. വിശുദ്ധ അഗസ്റ്റിന്റെ നാട്ടിലെത്തുന്ന ആദ്യ പാപ്പ
ഏറ്റവും വലിയ ആഫ്രിക്കന്‍ രാജ്യവും ഇസ്ലാം ഭൂരിപക്ഷ രാജ്യവുമായ അള്‍ജീരിയ സന്ദര്‍ശിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ മാര്‍പാപ്പയാണ് ലിയോ 14-ാമന്‍. അള്‍ജീരിയയില്‍ ഏകദേശം 48 ദശലക്ഷം ആളുകളുണ്ട്, പക്ഷേ കത്തോലിക്കരുടെ സംഖ്യ 10,000 ത്തോളം മാത്രമാണ്. വിദ്യാര്‍ത്ഥികള്‍, കുടിയേറ്റ തൊഴിലാളികള്‍, നയതന്ത്രജ്ഞര്‍ എന്നിവരാണ് ഇവിടെയുള്ള കത്തോലിക്കരില്‍ ഭൂരിപക്ഷവും.
മുസ്ലീം ഭൂരിപക്ഷ രാജ്യമാണെങ്കിലും കത്തോലിക്ക സഭയിലെ ഏറ്റവും പ്രധാനപ്പെട്ട സഭാപിതാക്കന്‍മാരില്‍ ഒരാളായ വിശുദ്ധ അഗസ്റ്റിന്റെ ജന്മനാടാണ് അള്‍ജീരിയ. അഗസ്റ്റീനിയന്‍ സന്യാസി കൂടെയായ പാപ്പ തന്റെ സഭയുടെ നാമഹേതുക പിതാവായ ഹിപ്പോയിലെ സെന്റ് അഗസ്റ്റിന്റെ കാല്‍പ്പാടുകള്‍ ബോധപൂര്‍വ്വം പിന്തുടരുന്ന യാത്ര കൂടെയാണ് ഇത്.
വിശുദ്ധ അഗസ്റ്റിനോടുള്ള പാപ്പയുടെ വ്യക്തിപരമായ ഭക്തിയും അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തോട് അദ്ദേഹം പ്രകടമാക്കിയിട്ടുള്ള പ്രതിബദ്ധതയും ഈ യാത്രയെ വേറിട്ടതാക്കുന്നു. വിശുദ്ധ അഗസ്റ്റിന്റെ മകനായി സ്വയം വിശേഷിപ്പിക്കുന്ന പാപ്പ വിശുദ്ധ അഗസ്റ്റിന്‍ മെത്രാനായിരുന്ന ഹിപ്പോയിലെ ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കുന്ന വൈകാരിക നിമിഷങ്ങള്‍ക്കും യാത്ര സാക്ഷ്യം വഹിക്കും.
3. സഭയുടെ കാരുണ്യത്തിന്റെ മുഖം
പാപ്പായുടെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിലുടനീളം, സഭയുടെ കാരുണ്യത്തിന്റെ മുഖം പ്രകടമാക്കുന്ന നിരവധി കൂടിക്കാഴ്ചകള്‍ ഉണ്ടാകും. അള്‍ജീരിയയില്‍ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവര്‍ നടത്തുന്ന നഴ്‌സിംഗ് ഹോം, കാമറൂണിലെ അനാഥാലയവും ആശുപത്രിയും, അംഗോളയിലെ നഴ്‌സിംഗ് ഹോം, ഇക്വറ്റോറിയല്‍ ഗിനിയിലെ മാനസികരോഗാശുപത്രിയും ജയിലും എന്നിവ പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഭാഗമാകും.
4. പാപ്പ നയിക്കുന്ന ജപമാല പ്രാര്‍ത്ഥന പുതിയ റെക്കോര്‍ഡാകും
അംഗോളയിലെ വിയാന രൂപതയിലുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുക്‌സിമ മരിയന്‍ ദേവാലയത്തില്‍ പാപ്പ നയിക്കുന്ന ജപമാലയില്‍ ഏകദേശം 2 ദശലക്ഷം തീര്‍ത്ഥാടകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പുതിയ റെക്കോര്‍ഡായി മാറിയേക്കും. 1599-ല്‍ സ്ഥാപിതമായ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഏതെങ്കിലുമൊരു പാപ്പ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.
5. 44 വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍പാപ്പ ഇക്വറ്റോറിയല്‍ ഗിനിയില്‍
ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ഇക്വറ്റോറിയല്‍ ഗിനിയിലേക്കുള്ള പാപ്പയുടെ സന്ദര്‍ശനം ഏറെ പ്രസക്തമാണ്. ജനസംഖ്യയുടെ 90% ത്തോളം പേര്‍ കത്തോലി വിശ്വാസികളായുള്ള രാജ്യത്ത് അവസാനമായി കത്തോലിക്ക സഭയുടെ തലവന്‍ വന്നത് 44 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 1982-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇക്വറ്റോറിയല്‍ ഗിനി അവസാനമായി സന്ദര്‍ശിച്ചത്.