ഇറ്റലിയിലെ ഫ്രിയൂളി പ്രവിശ്യയിൽ നടന്ന ഭൂകമ്പത്തിന്റെ അൻപതാം വാർഷികത്തിൽ പാപ്പായുടെ ടെലിഗ്രാം സന്ദേശം

 
Italy

1976 മെയ് 6 ലെ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ആളുകളെ അനുസ്മരിക്കുന്നതിനും, പുനർനിർമ്മാണത്തിന് സഹായം നൽകിയ നിരവധി ആളുകൾക്ക് നന്ദിയർപ്പിക്കുന്നതിനുമായി,  ഇറ്റലിയുടെ വടക്കൻ പ്രവിശ്യയായ ഫ്രിയൂളിയിലെ, ജെമോണയിൽ നടന്ന വിശുദ്ധ ബലിക്ക്, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പി മുഖ്യകാർമ്മികത്വം വഹിച്ചു.  ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശമായ ജെമോണയിൽ മാത്രം 400-ലധികം പേരാണ് കൊല്ലപ്പെട്ടത്. ദിവ്യബലിയിൽ 5,000-ത്തിലധികം വിശ്വാസികൾ പങ്കെടുത്തു.

തദവസരത്തിൽ തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ  ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, ഊദിനേ അതിരൂപതയുടെ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് റിക്കാർദോ ലാംബയ്ക്ക്  അയച്ചു.

പ്രാദേശിക സമൂഹങ്ങളുടെ അക്ഷീണമായ ഉത്സാഹത്തോടൊപ്പം, ജീവിതത്തിന്റെ ദ്രുത പുനരുജ്ജീവനത്തിനും, പുനർനിർമ്മാണത്തിനും, ഈ നാട് മാതൃകയാണെന്ന് സന്ദേശത്തിൽ എടുത്തു പറഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ ഇപ്പോഴും ദുഃഖിക്കുന്ന ആളുകൾക്ക് തന്റെ ആത്‌മീയമായ ആശ്വാസവും, പ്രാർത്ഥനകളും ഉറപ്പുനൽകി. 

വേദനാജനകമായ ഈ അവസരത്തിൽ, സ്വദേശത്തും വിദേശത്തും ഉള്ള ആളുകൾ കാണിച്ച ഉദാരമനസ്കത,  മാനുഷിക, ക്രിസ്തീയ  ഐക്യദാർഢ്യം ഉയർത്തികാട്ടുന്നുവെന്നും പാപ്പാ പറഞ്ഞു. ഇത് സാഹോദര്യത്തിന്റെയും,  ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മൂല്യങ്ങൾ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പ്രചോദനം നൽകുമെന്നും സന്ദേശത്തിൽ അടിവരയിടുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധരായ എർമാക്കോറ, ഫോർത്തുണാത്തോ എന്നിവരുടെ പ്രാർത്ഥനയ്ക്കും പാപ്പാ ഏവരെയും സമർപ്പിക്കുകയും ചെയ്തു.

Tags

Share this story

From Around the Web