മാര്‍പാപ്പയുടെ സെപ്റ്റംബര്‍ മാസത്തെ പ്രാര്‍ഥനാനിയോഗം പ്രസിദ്ധീകരിച്ചു
ജലസംരക്ഷണവും ജലത്തിന്റെ നീതിയുക്തമായ വിതരണത്തിനായും സെപ്റ്റംബര്‍ മാസം പ്രത്യേകമായി പ്രാര്‍ഥിക്കാന്‍ ലെയോ പതിനാലാമന്‍ പാപ്പ ആഹ്വാനം ചെയ്തു. പേപ്പല്‍ പ്രാര്‍ഥനാ നിയോഗങ്ങള്‍ ക്രോഡീകരിക്കുന്ന 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ്' ആണ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം പ്രസിദ്ധീകരിച്ചത്.
''ജീവാമൃതമായ ജലത്തിന്റെ നീതിയുക്തവും സുസ്ഥിരവുമായ പരിപാലനത്തിനായി നമുക്ക് പ്രാര്‍ഥിക്കാം. അതുവഴി എല്ലാവര്‍ക്കും ഈ വിഭവത്തിലേക്ക് തുല്യമായ ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കട്ടെ,'' മാര്‍പാപ്പ സെപ്റ്റംബര്‍ മാസത്തിലെ തന്റെ പ്രാര്‍ഥനാസന്ദേശത്തില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും പ്രകൃതിവിഭവങ്ങള്‍ ഭാവിതലമുറയ്ക്കായി കരുതിവയ്ക്കാനും ലോകസമൂഹം മുന്നോട്ടുവരണമെന്ന് ഈ നിയോഗം ആഹ്വാനം ചെയ്യുന്നു. വത്തിക്കാന്റെ ഔദ്യോഗിക ചാനലുകള്‍ വഴി ഇതിനോടനുബന്ധിച്ചുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
പ്രാര്‍ഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക്.' 1844 ല്‍ ഫ്രാന്‍സിലെ ജെസ്യൂട്ട് സെമിനാരിയില്‍ ആരംഭിച്ച അപ്പസ്‌തോലിക പ്രാര്‍ഥനാ നിയോഗത്തിന്റെ തുടര്‍ച്ചയായി 1929 ലാണ് പ്രാര്‍ഥനാ നിയോഗം കൂട്ടിച്ചേര്‍ത്ത് ഇവര്‍ പ്രതിമാസ മധ്യസ്ഥ പ്രാര്‍ഥനാ നിയോഗം പ്രസിദ്ധീകരിച്ചു തുടങ്ങിയത്.