ഏഷ്യൻ മെത്രാൻ സമിതി സമ്മേളനത്തിനു പാപ്പായുടെ പ്രതിനിധി
2026 ജൂലൈ 20 മുതൽ 26 വരെ ജക്കാർത്തയിൽ നടക്കുന്ന പന്ത്രണ്ടാമത് ഏഷ്യൻ മെത്രാൻ സമിതിയുടെ പൂർണ്ണ സമ്മേളനത്തിന് ലിയോ പതിനാലാമൻ പാപ്പായുടെ പ്രത്യേക പ്രതിനിധിയായി, കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനെ നിയമിച്ചു. മെയ് മാസം ഇരുപത്തിമൂന്നാം തീയതിയാണ്, ഈ അറിയിപ്പ് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്.
ദക്ഷിണേഷ്യ , തെക്കുകിഴക്കൻ ഏഷ്യ , കിഴക്കൻ ഏഷ്യ , മധ്യേഷ്യ എന്നിവിടങ്ങളിലെ കത്തോലിക്കാ സഭകളുടെ എപ്പിസ്കോപ്പൽ സമ്മേളനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഏഷ്യൻ മെത്രാൻ സമിതി . ഈ മേഖലയിലെ സഭയുടെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി ഐക്യദാർഢ്യവും സംയുക്ത ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്നതാണ് ഈ സമിതിയുടെ ലക്‌ഷ്യം. 1970-ൽ സ്ഥാപിതമായ ഏഷ്യൻ മെത്രാൻ സമിതിയിൽ, ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര എന്നിങ്ങനെ മൂന്നു റീത്തുകളിലും പെട്ട മേത്രന്മാർ അംഗങ്ങളാണ്.
പ്രത്യേക പ്രതിനിധിയായി പാപ്പാ നിയമിച്ച കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, മുംബൈ അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പായിരുന്നു. 2007 നവംബറിൽ ബെനഡിക്ട് പതിനാറാമൻ പാപ്പായാണ് അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. സഭാപരമായ കാര്യങ്ങളിലും സാമൂഹിക നീതിയിലും ആഗോളതലത്തിൽ തന്നെ വലിയ സ്വാധീനമുള്ള ഒരു വ്യക്തിത്വമാണ് കർദിനാൾ ഗ്രേഷ്യസ്. 2011 ൽ അദ്ദേഹം ഏഷ്യൻ മെത്രാൻ സമിതിയുടെ അധ്യക്ഷനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.