ബെർണബ്യൂ ഫുട്ബോൾ സ്റ്റേഡിയത്തിൽ ലക്ഷങ്ങളെ സാക്ഷിയാക്കി മാർപാപ്പയുടെ സന്ദേശം
ലെയോ പതിനാലാമൻ മാർപാപ്പ തന്റെ സ്പെയിൻ സന്ദർശനത്തിന്റെ അവസാന ദിവസം മാഡ്രിഡിനെ ആവേശക്കടലാക്കി മാറ്റി. മാഡ്രിഡിലെ പ്രശസ്തമായ വിർജിൻ ഓഫ് ലാ അൽമുദേന കത്തീഡ്രലിലെ പ്രാർഥനയോടെയാണ് അദ്ദേഹത്തിന്റെ പര്യടനം ആരംഭിച്ചത്. സഭയിലെ വിഭജനങ്ങൾ ഒഴിവാക്കാനും പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
തുടർന്ന് സ്പാനിഷ് ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സഭയിലെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്ക് നീതിയും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും മാർപാപ്പ കർശനമായി നിർദേശിച്ചു. ഇതിനുപിന്നാലെ പീഡനത്തെ അതിജീവിച്ച ആറുപേരുമായി പാപ്പ വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വൈകുന്നേരം റയൽ മാഡ്രിഡിന്റെ പ്രശസ്തമായ സാന്റിയാഗോ ബെർണബ്യൂ ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന മഹാസംഗമമാണ് സന്ദർശനത്തിന്റെ പ്രധാന ആകർഷണമായത്. 80,000 -ത്തിലധികം വരുന്ന ജനക്കൂട്ടത്തെ സാക്ഷിനിർത്തി കായികപ്രേമികളെ കയ്യിലെടുക്കുന്ന ശൈലിയിലായിരുന്നു മാർപാപ്പയുടെ പ്രസംഗം. ‘ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഈ സ്റ്റേഡിയത്തിൽ ഗോൾ നേടുക എന്നത് ജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണ് എന്നാൽ ഇന്ന് മാഡ്രിഡിലെ സഭ നിത്യതയിലേക്കുള്ള ഒരു ഗോൾ നേടിയിരിക്കുന്നു,’ എന്ന പാപ്പയുടെ വാക്കുകൾ സ്റ്റേഡിയത്തെ ഹർഷാരവത്തിലാക്കി.
വിശ്വാസികൾ അവരുടെ ജീവിതത്തിലൂടെ ദൈവവചനം മറ്റുള്ളവരിലേക്ക് എത്തിക്കുന്ന തുറന്ന ബൈബിളുകളായി മാറണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. മാഡ്രിഡിലെ വിജയകരമായ സന്ദർശനത്തിന് ശേഷം പ്രശസ്ത ശില്പി അന്തോണി ഗൗഡിയുടെ ചരമശതാബ്ദിയോടനുബന്ധിച്ച് സാഗ്രദ ഫാമിലിയയിലെ ‘ജീസസ് ക്രൈസ്റ്റ് ഗോപുരം’ ഉദ്ഘാടനം ചെയ്യുന്നതിനായി മാർപാപ്പ ബാഴ്സലോണയിലേക്ക് തിരിച്ചു.