പാപ്പായുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു: ധ്യാനം നയിക്കുന്നത് ഒരിക്കല്‍ നിരീശ്വരവാദിയായിരുന്ന മെത്രാന്‍

 
ERIC WARDEN


വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തിന് മുന്നോടിയായി ലിയോ 14 -ാമന്‍ മാര്‍പാപ്പയും റോമന്‍ കൂരിയയിലെ അംഗങ്ങളും പങ്കെടുക്കുന്ന നോമ്പുകാല ധ്യാനം വത്തിക്കാനില്‍ ആരംഭിച്ചു.


 ഒരിക്കല്‍ നിരീശ്വരവാദിയായി ജീവിച്ച്, പിന്നീട്  കത്തോലിക്ക വിശ്വാസം സ്വീകരിച്ച്, ഇപ്പോള്‍ നോര്‍വേയില്‍ മെത്രാനായി ശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍ഷ്യന്‍ സന്യാസിയായ ബിഷപ്  എറിക് വാര്‍ഡനാണ് ഈ വര്‍ഷത്തെ റോമന്‍ കൂരിയയുടെ ധ്യാനം നയിക്കുന്നത്. 

ഫെബ്രുവരി 22 മുതല്‍ 27 വരെ വത്തിക്കാനിലെ അപ്പോസ്തോലിക്ക് കൊട്ടാരത്തിലുള്ള പോളിന്‍ ചാപ്പലിലാണ് ധ്യാനം നടക്കുന്നത്. റോമില്‍ താമസിക്കുന്ന കര്‍ദിനാള്‍മാരും വിവിധ ഡിക്കാസ്ട്രികളുടെ തലവന്‍മാരും പാപ്പയോടൊപ്പം ധ്യാനത്തില്‍ പങ്കുചേരും.

'ഇല്യുമിനേറ്റഡ് ബൈ ഹിഡന്‍ ഗ്ലോറി' ( മറഞ്ഞിരിക്കുന്ന മഹത്വത്താല്‍ പ്രകാശിതം) എന്നതാണ് ഈ വര്‍ഷത്തെ ധ്യാനത്തിന്റെ പ്രമേയം. വിശുദ്ധ ബെര്‍ണാഡ് ഓഫ് ക്ലെയര്‍വോയുടെ ജീവിതത്തെ ആസ്പദമാക്കി ക്രൈസ്തവജീവിതത്തിന്റെ ദാര്‍ശനികവും പ്രായോഗികവുമായ വശങ്ങള്‍ വിചിന്തനം ചെയ്യും. 

 'തപസുകാലത്തേക്കുള്ള പ്രവേശനം', 'ദൈവസഹായം', 'പ്രത്യാശയുടെ വെളിപ്പെടുത്തല്‍' തുടങ്ങിയ തലക്കെട്ടുകളിലുള്ള 11 ധ്യാനപ്രസംഗങ്ങള്‍ ബിഷപ് എറിക് ഈ ദവിസങ്ങളില്‍  നല്‍കും. ഇതോടൊപ്പം യാമപ്രാര്‍ത്ഥകളും ദിവ്യകാരുണ്യ ആരാധനയും നടത്തും.

1974-ല്‍ ജനിച്ച ബിഷപ് എറിക് വാര്‍ഡന്‍ ജീവിതാനുഭവങ്ങളിലെ വ്യത്യസ്തതകള്‍ കൊണ്ട് ബിഷപ്പുമാരുടെ ഇടയില്‍ ശ്രദ്ധേയനാണ്. നിരീശ്വരവാദിയായിരുന്ന അദ്ദേഹം പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും സിസ്റ്റര്‍ഷ്യന്‍ സഭയില്‍ സന്യാസിയായി ചേരുകയുമായിരുന്നു.

 ബ്രിട്ടനിലെ പഠനത്തിന് ശേഷം നോര്‍വേയിലേക്ക് മടങ്ങിയ അദ്ദേഹം നിലവില്‍ ട്രോണ്ട്ഹൈമിലെ ബിഷപ്പായി സേവനമനുഷ്ഠിക്കുകയാണ്.

Tags

Share this story

From Around the Web