പാപ്പയുടെ ആരോഗ്യനില തൃപ്തികരം, ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ മാറ്റമില്ല: വത്തിക്കാന്‍

 
leo papa



റോം: ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്നു ശസ്ത്രക്രിയയ്ക്കു വിധേയനായ ലെയോ പതിനാലാമന്‍ പാപ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്ന പശ്ചാത്തലത്തില്‍ പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തില്‍ മാറ്റമില്ലായെന്ന് വത്തിക്കാന്‍. 

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ പാപ്പ സന്ദര്‍ശനം നടത്തുമെന്ന് പ്രസ് ഓഫീസ് ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


വത്തിക്കാനിലേക്ക് മടങ്ങിയെത്തിയതു മുതല്‍ പാപ്പ തന്റെ ദിനചര്യകളില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി പുനഃരാരംഭിച്ചിട്ടുണ്ട്. പ്രധാന ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം നിര്‍വ്വഹിച്ചു വരുന്നുവെന്നും ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ എടുത്തു പറയുന്നു.

 പ്രധാനപ്പെട്ട കൂടിക്കാഴ്ചകളിലും പൊതുപരിപാടികളിലും പങ്കെടുത്ത പാപ്പ ദിനംപ്രതിയുള്ള ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും കൃത്യമായ വിശ്രമം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.


ഏറ്റവും പുതിയ പരിശോധനാ ഫലങ്ങള്‍ പ്രകാരം പാപ്പയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പാപ്പയുടെ വ്യക്തിഗത ഡോക്ടര്‍ കൂടിയായ, ഡോ. ലൂയിജി കര്‍ബോണ്‍ പറഞ്ഞു. ലഭ്യമായ ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി, വരാനിരിക്കുന്ന ലാറ്റിനമേരിക്കന്‍ അപ്പസ്‌തോലിക യാത്ര നടത്തുന്നതിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. 

നവംബര്‍ 6 മുതല്‍ 17 വരെ 12 ദിവസങ്ങളിലായി 3 രാജ്യങ്ങളിലെ 14 സ്ഥലങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.


2015 മുതല്‍ ലെയോ പാപ്പയ്ക്ക് പൗരത്വമുള്ള രാജ്യമാണ് പെറു. മുന്‍പ് 2014-ല്‍ അപ്പസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററായും 2015 സെപ്റ്റംബര്‍ മുതല്‍ ചിക്ലായോയിലെ ബിഷപ്പായും ലെയോ പാപ്പ സേവനം ചെയ്ത രാജ്യമാണ് പെറു.

 അന്നത്തെ തങ്ങളുടെ മെത്രാന്‍ ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തുന്ന ആദ്യ സന്ദര്‍ശനത്തിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് പെറുവിലെ വിശ്വാസികള്‍. ഉറുഗ്വേയിലും അര്‍ജന്റീനയിലും പാപ്പയുടെ സന്ദര്‍ശനത്തിനായി ഒരുക്കങ്ങള്‍ നടന്നുവരുന്നുണ്ട്.

Tags

Share this story

From Around the Web