ചരിത്രത്തിലാദ്യമായി പാപ്പ  സ്പാനിഷ് പാര്‍ലമെന്റിനെ  അഭിസംബോധന ചെയ്യും

 
LEO

മാഡ്രിഡ്: സ്‌പെയിനിന്റെയും വത്തിക്കാന്റെയും നയതന്ത്രബന്ധത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട്, ലിയോ 14-ാമന്‍ മാര്‍പാപ്പ ജൂണ്‍ 8-ന് സ്പാനിഷ് പാര്‍ലമെന്റിനെ ((Cortes Generales) അഭിസംബോധന ചെയ്യും. 

കഴിഞ്ഞ ദശകങ്ങളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, ബനഡിക്ട് പതിനാറാമന്‍ എന്നീ മാര്‍പാപ്പമാര്‍ സ്‌പെയിന്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും, ആദ്യമായാണ് വത്തിക്കാന്റെ രാഷ്ട്രത്തലവന്‍ കൂടെയായ പാപ്പ ജനപ്രതിനിധികളെയും സെനറ്റര്‍മാരെയും അഭിസംബോധന ചെയ്യുന്നത്.

ജൂണ്‍ 8 തിങ്കളാഴ്ച നടക്കുന്ന സംയുക്ത സമ്മേളനത്തില്‍ പാപ്പയും കോണ്‍ഗ്രസ് പ്രസിഡന്റ് ഫ്രാന്‍സിന അര്‍മെന്‍ഗോളും മാത്രമായിരിക്കും പ്രസംഗിക്കുക.

ജൂണ്‍ 6  മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ് പാപ്പ സ്‌പെയിന്‍ സന്ദര്‍ശിക്കുന്നത്. സ്പാനിഷ് ബിഷപ്പുമാരുടെ വക്താവ് ബിഷപ് ഫ്രാന്‍സിസ്‌കോ സെസാര്‍ ഗാര്‍സിയ മാഗന്‍ ഈ സന്ദര്‍ശനത്തെ ‘സന്തോഷത്തിന്റെയും പ്രത്യാശയുടെയും നിമിഷം’ എന്നാണ് വിശേഷിപ്പിച്ചത്.

ജൂണ്‍ 6 മുതല്‍ 12 വരെ നീണ്ടുനില്‍ക്കുന്ന പാപ്പയുടെ സ്‌പെയിന്‍ യാത്രയ്ക്ക് രണ്ട് പ്രധാന തലങ്ങളാണുള്ളതെന്ന് ബിഷപ് പറഞ്ഞു.

സ്പാനിഷ് സഭയുമായുള്ള ഐക്യം ദൃഢമാക്കുന്നതിനൊപ്പം  വത്തിക്കാന്റെ തലവന്‍ എന്ന നിലയില്‍ സ്‌പെയിനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക കൂടിക്കാഴ്ചകളും സന്ദര്‍ശനത്തിന്റെ ഭാഗമായി പാപ്പ നടത്തും.  

വിഖ്യാതമായ ‘സഗ്രാഡ ഫാമിലിയ’ ബസിലിക്കയിലെ യേശുക്രിസ്തുവിന്റെ  നാമധേയത്തിലുള്ള ഗോപുരത്തിന്റെ ഉദ്ഘാടനം, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി കാനറി ദ്വീപുകളിലേക്ക് നടത്തുന്ന സന്ദര്‍ശനം തുടങ്ങി സുപ്രധാനമായ നിരവധി ചടങ്ങുകളാണ് ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tags

Share this story

From Around the Web