പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും സംരക്ഷണം ലഭിക്കണം: ലിയോ പാപ്പാ
വത്തിക്കാന്‍സിറ്റി: കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നല്‍കപ്പെടേണ്ട പ്രത്യേക പരിഗണനയും സംരക്ഷണവും എടുത്തുകാട്ടി ലിയോ പതിനാലാമന്‍ പാപ്പാ.
2026 സെപ്റ്റംബര്‍ 27-ന് ആചരിക്കപ്പെടുന്ന നൂറ്റിപ്പന്ത്രണ്ടാമത് കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ആഗോളദിനത്തിലേക്കായി, വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം പത്താം തിരുവചനവും (മത്തായി 18, 10) മര്‍ക്കോസിന്റെ സുവിശേഷം ഒന്‍പതാം അദ്ധ്യായം മുപ്പത്തിയേഴാം (മര്‍ക്കോസ് 9, 37) തിരുവചനവും ഉള്‍പ്പെടെയുള്ള ഭാഗത്ത്, യേശു കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട പരിഗണനയെക്കുറിച്ചും സ്വീകാര്യതയെക്കുറിച്ചും ഉദ്‌ബോധിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കി തയാറാക്കിയിയ തന്റെ സന്ദേശത്തിലൂടെയാണ്, അഭയാര്‍ത്ഥികളായ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തത്.
'ഈ കുഞ്ഞുങ്ങളില്‍ ഒരാള്‍ പോലും' എന്നതാണ് ഇത്തവണത്തേക്കുള്ള സന്ദേശത്തിന്റെ പ്രമേയം.
യുദ്ധം, ദാരിദ്ര്യം, അക്രമം, പരിസ്ഥിതി ദുരന്തങ്ങള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ ദശലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരുമാണ് തങ്ങളുടെ ജന്മനാട് വിടാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് എഴുതിയ പാപ്പാ, കുടിയേറ്റത്തിന്റെയും പലായനത്തിന്റെയും അനുഭവത്തിലൂടെ കടന്നുപോകുന്ന കുട്ടികളിലേക്ക് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ആഹ്വാനം ചെയ്തു.
നാടുകടത്തല്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ മൂലം മാതാപിതാക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും നഷ്ടപ്പെടുന്നവര്‍, കുടുംബങ്ങളില്‍നിന്ന് ദീര്‍ഘകാലം വേര്‍പെടുന്നവര്‍, അതികഠിനമായ സാഹചര്യങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ തുടങ്ങി ദുര്‍ബലരും പാവപ്പെട്ടവരുമായ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും അനുഭവിക്കുന്ന ദുരിതങ്ങളിലേക്കും വേദനകളിലേക്കും പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
കുടിയേറ്റമുള്‍പ്പെടെയുള്ള മേഖലകളുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത്, ചൂഷണം, സായുധ സംഘര്‍ഷങ്ങളിലേക്കുള്ള കുട്ടികളുടെ റിക്രൂട്ട്‌മെന്റ്, ലൈംഗിക അതിക്രമങ്ങള്‍, മരണം, നിര്‍ബന്ധിത വിവാഹം തുടങ്ങിയ പ്രശ്നങ്ങള്‍ പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ പരാമര്‍ശിച്ചു.
ഏവര്‍ക്കും വേണ്ട ഉത്തരവാദിത്വം
കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള ആളുകള്‍ക്കായി തങ്ങളുടെ ഭവനങ്ങള്‍ തുറന്നു നല്‍കുന്ന കുടുംബങ്ങളും വ്യക്തികളും, അവര്‍ക്ക് ശ്രുശ്രൂഷ ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരും വിവിധ സ്ഥാപനങ്ങളും, പ്രത്യേകിച്ച് സഭാസമൂഹങ്ങളും നമുക്കിടയില്‍ ഉണ്ടെന്ന് അനുസ്മരിച്ച പാപ്പാ, അവരുടെ പ്രവര്‍ത്തനങ്ങളെയും സേവനത്തെയും പ്രത്യേകം പ്രശംസിച്ചു.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കായി മാനവികതയോടും വിശ്വാസത്തിന്റെ ബലത്തോടും കൂടിയ പ്രവൃത്തികള്‍ ചെയ്യാനാണ് നാം പരിശ്രമിക്കേണ്ടതെന്ന് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.
എല്ലാ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും കുട്ടികള്‍ക്കും തുല്യമായ അന്തസ്സുണ്ടെന്നും, അവരെ കുടിയേറ്റക്കാര്‍ എന്നതിനേക്കാള്‍, മനുഷ്യരെന്ന നിലയില്‍ കാണണമെന്നും ഉദ്ബോധിപ്പിച്ചു പരിശുദ്ധ പിതാവ്, കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഉള്‍പ്പെടെ ഏവരുടെയും ജീവന്‍, വിദ്യാഭ്യാസം, സമഗ്രവളര്‍ച്ച എന്നിവയ്ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു.
ചില പ്രത്യേക സ്ഥാപനങ്ങള്‍ മാത്രമല്ല സഭാസമൂഹങ്ങള്‍ മുഴുവനും അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും സമൂഹത്തിലേക്ക് ശരിയായ രീതിയില്‍ ഉള്‍ചേരാനുള്ള സൗകര്യമൊരുക്കേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുകാണിച്ചു.
കുടിയേറ്റക്കാരുടെ ദേശ, മത വൈവിധ്യങ്ങളുടെ പശ്ചാത്തലത്തില്‍, വിവിധ മതസ്ഥരായ കുഞ്ഞുങ്ങളും പ്രായപൂര്‍ത്തിയാകാത്തവരും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമിടയിലുണ്ടെന്ന് എഴുതിയ പാപ്പാ, പ്രായോഗികവും സമൂര്‍ത്തവുമായ മതാന്തരസംവാദങ്ങള്‍ക്കുളള ഒരിടമായും കുടിയേറ്റം മാറുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
ഈജിപ്തിലേക്കുള്ള തിരുക്കുടുംബത്തിന്റെ പലായനം പരാമര്‍ശിച്ച പരിശുദ്ധ പിതാവ്, സുവിശേഷത്തിന്റെ വിശ്വസനീയരായ അടയാളങ്ങളാകാന്‍ നമ്മുടെ സമൂഹങ്ങളെ ദൈവം സഹായിക്കട്ടെയെന്ന ആശംസയോടെയാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.