ക്രിസ്തുവിന്റെ സാക്ഷികളായിരിക്കണമെന്ന് വത്തിക്കാന്‍ പോലീസ് സേനയോട് പാപ്പാ

വത്തിക്കാന്‍:ലിയോ പതിനാലാമന്‍ പാപ്പാ വത്തിക്കാന്‍ പോലീസ് സേനയായ ജെന്‍ദാര്‍മെരിയയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാളില്‍ വിശുദ്ധ ബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കി.
യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും, അല്ലെങ്കില്‍ ക്രൈസ്തവ ജീവിതത്തില്‍ അപകടം ഉണ്ടാകുമെന്ന് പാപ്പാ മുന്നറിയിപ്പ് നല്‍കി. സുവിശേഷത്തിനു വേണ്ടി ജ്വലിക്കുന്ന ഹൃദയത്തിനു നാം ഉടമകളാകണമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
വത്തിക്കാന്റെ സമാധാനപാലകര്‍ എന്ന നിലയില്‍, അംഗങ്ങള്‍ ചെയ്യുന്നത് കേവലം ഒരു തൊഴില്‍ മാത്രമല്ല എന്നും, മറിച്ച് അത് സഭയുടെ നന്മയ്ക്കുവേണ്ടിയുള്ള സേവനമാണെന്നും, സുവിശേഷത്തിന്റെ സാക്ഷ്യമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
അതിനാല്‍ ജീവിത മാതൃക നല്‍കുവാന്‍ ഒരിക്കലും മടികാണിക്കരുതെന്നും, വിവേകപൂര്‍ണ്ണവും ആത്മവിശ്വാസമുള്ളതുമായ സാന്നിധ്യം അപരന് സുരക്ഷിതത്വവും കരുതലും അനുഭവിക്കുവാന്‍ ഇടയാക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
നിയമത്തിന്റെ ശക്തി ഉപയോഗിച്ചുകൊണ്ട് ആധിപത്യം സ്ഥാപിക്കാന്‍ മുതിരരുതെന്നും, അധികാരത്തെ പ്രീതിപ്പെടുത്താതെ കാരുണ്യത്തിന്റെ വക്താക്കളാകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
സ്വാതന്ത്ര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതിജ്ഞയാണ് സേനയുടെ ഭാഗമെന്ന നിലയില്‍ ഓരോ നിയമപാലകരും എടുത്തിരിക്കുന്നതെന്നും, അത് ദൈവത്തിനും സഭയ്ക്കും മുമ്പാകെയുള്ള 'അതെ' എന്ന സ്ഥിരീകരണമാണെന്നും പാപ്പാ, പുതിയതായി സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
ജീവിതത്തിലെ സന്തോഷങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും ഇടയില്‍ എല്ലായ്‌പോഴും വിശ്വാസം വര്‍ധിക്കുവാന്‍ അനുവദിക്കണമെന്നും, അങ്ങനെ സത്പ്രവൃത്തികളുടെ ഫലം പുറപ്പെടുവിക്കുവാന്‍ നമ്മെ വിട്ടുകൊടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
സമാധാന പാലകരുടെ സേവനം തിരശ്ശീലയ്ക്ക് പിന്നിലാണെങ്കിലും, സുരക്ഷ, ക്രമം, ബഹുമാനം എന്നിവ കെട്ടിപ്പടുക്കുന്ന ഒരു വലിയ ദൗത്യമാണെന്നത് തിരിച്ചറിയണമെന്നും, ഇത് ഒരു കൂട്ടായ്മയുടെ പ്രവൃത്തിയാണെന്നും, മുന്‍കാല പരിചയമുള്ളവരുടെ കൂടെ സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
സേനയിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളെയും പാപ്പാ നന്ദിയോടെ അഭിവാദ്യം ചെയ്തു.