യേശുവുമായുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: സെമിനാരി വിദ്യാര്‍ത്ഥികളോട് പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുവുമായുള്ള ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ സെമിനാരി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പ.
'നിങ്ങളെ വിളിച്ചവനോടുള്ള ബന്ധത്തില്‍' ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ ഇറ്റലിയിലെ സെമിനാരി വിദ്യാര്‍ത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ പറഞ്ഞു.
കര്‍ത്താവും ഗുരുവമായ യേശുവിനൊപ്പമായിരിക്കാന്‍ പഠിക്കുക എന്നതാണ് സെമിനാരി ജീവിതത്തിന്റെ കാതലെന്ന് പാപ്പ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
എല്ലാ ദൈവവിളിയും രൂപപ്പെടുന്നത് നിശബ്ദതയില്‍ ദൈവവുമായി നടത്തുന്ന പ്രാര്‍ത്ഥനാപൂര്‍വമായ സംഭാഷണങ്ങളിലൂടെയാണ്. വൈദികനാകുന്നത് ആരുടെയും വ്യക്തിപരമായ യോഗ്യതയോ കഴിവോ കൊണ്ടല്ല, മറിച്ച് ദൈവത്തിന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെയാണ്.
'ഇവിടെ മത്സരങ്ങളോ റാങ്കുകളോ ഇല്ല; ദൈവം ഏറ്റവും മികച്ചവരെ തിരഞ്ഞെടുത്തുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അവിടുന്ന് തനിക്ക് ആവശ്യമുള്ളവരെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്,' പാപ്പ കൂട്ടിച്ചേത്തു.
ശബ്ദമുഖരിതവും ദ്രുതഗതിയില്‍ മുന്നേറുന്നതുമായ ഇന്നത്തെ ലോകത്ത്, ദൈവശബ്ദം തിരിച്ചറിയാനും ആത്മീയമായി രൂപപ്പെടാനും സെമിനാരി കാലഘട്ടം അത്യാവശ്യമാണെന്ന് പാപ്പ തുടര്‍ന്നു. സെമിനാരി ജീവിതം മിഷന്‍ വൈകിപ്പിക്കുകയല്ല, മറിച്ച് അതിനായുള്ള തായറെടുപ്പാണ്.
സെമിനാരി വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം സഭയ്ക്ക് വലിയ പ്രത്യാശ നല്‍കുന്നുണ്ടെന്ന് പറഞ്ഞ പാപ്പ, ദൈവത്തിന്റെ വിളിയോട് 'യേസ്' പറഞ്ഞതിന് വിദ്യാര്‍ത്ഥികളോട് നന്ദി പറഞ്ഞു.