കുടിയേറ്റക്കാരെ വഞ്ചിക്കുന്നവരോട് മാനസാന്തരപ്പെടുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് പാപ്പാ
മതില്‍ക്കെട്ടുകളില്ലാത്ത തുറന്ന നഗരമെന്നു അറിയപ്പെടുന്ന സാന്‍ ക്രിസ്റ്റോബല്‍ ഡി ലാ ലഗുണയുടെ പ്രത്യേകത വിവരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ദ്വീപുകളെ ചുറ്റിയുള്ള കടല്‍ വേദനയുടെയും പ്രതീക്ഷയുടെയും കഥകള്‍ പറയുന്നുണ്ടെങ്കിലും പലപ്പോഴും നാം അവ വായിക്കാന്‍ മറന്നുപോകുന്നു.
ഒരു നഗരത്തിന് മതില്‍ക്കെട്ടുകളില്ലെങ്കില്‍ അവിടെയുള്ള ജനങ്ങളുടെ ഹൃദയങ്ങളും മറ്റുള്ളവരെ സ്വീകരിക്കാനായി തുറക്കപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ബ്രെയ്ലി ലിപിയെയും മറ്റ് സ്പര്‍ശനത്തിലൂടെയുള്ള ആശയവിനിമയങ്ങളെയും ഉദാഹരിച്ചുകൊണ്ട് വായന എന്നത് കേവലം കണ്ണുകള്‍ കൊണ്ടല്ല മറിച്ച് സാമീപ്യം കൊണ്ടാണ് യാഥാര്‍ത്യവത്ക്കരിക്കേണ്ടതെന്നു പാപ്പ പറഞ്ഞു.
പലപ്പോഴും നാം മറ്റൊരാളെ കാണുന്നുണ്ടെങ്കിലും അവരെ അംഗീകരിക്കുന്നില്ല; ഒരു മുഖത്തെ കേവലം ഒരു സംഖ്യയോ ഫയലോ ആയി നാം മാറ്റുന്നു.
എന്നാല്‍ സുവിശേഷം നമ്മെ പഠിപ്പിക്കുന്നത് സാമീപ്യത്തിലൂടെയും ക്ഷമയിലൂടെയും സഹായഹസ്തങ്ങള്‍ നീട്ടിക്കൊണ്ടും യാഥാര്‍ത്ഥ്യങ്ങളെ ആഴത്തില്‍ വായിക്കാനാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.
ക്രിസ്തുവിന്റെ മുറിവുകളില്‍ സ്പര്‍ശിച്ച തോമാശ്ലീഹായെപ്പോലെ സഭയും വേദനിക്കുന്ന സഹോദരങ്ങളുടെ മുറിവുകളില്‍ തൊടുമ്പോള്‍ ക്രിസ്തുവിനെ കണ്ടെത്തുന്നു.
വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിലെ സുവിശേഷ വാക്യങ്ങള്‍ പാപ്പ അനുസ്മരിച്ചുകൊണ്ട് മനുഷ്യന്റെ വേദന സ്‌നേഹത്തോടെ സ്പര്‍ശിക്കപ്പെടുന്നിടത്ത് വിശക്കുന്നവനിലും ദാഹിക്കുന്നവനിലും നഗ്‌നനിലും രോഗിയിലും തടവുകാരനിലും പരദേശിയിലും താന്‍ സന്നിഹിതനാണെന്ന് ക്രിസ്തു നമുക്ക് സ്ഥിരീകരിച്ചു തരുന്നുവെന്നും ജീവിക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയുന്ന ഈ വിശ്വാസത്തില്‍ നിന്നാണ് ഫാദര്‍ ഡാര്‍വിന്റെയും മറ്റ് അനേകം വ്യക്തികളുടെയും സേവനം ഉരുത്തിരിയുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഈ ബോധ്യത്തില്‍ നിന്നുമാണ് ഐക്യദാര്‍ഢ്യം എന്നത് മനുഷ്യന്റെ അന്തസ്സ് തിരിച്ചറിയുന്നതില്‍ നിന്ന് ജനിക്കുന്നതാണെന്നും അത് കേവലമായ ഔദാര്യമോ പരോപകാരമോ അല്ലെന്നും അതിനാല്‍ ഏവരെയും സ്വീകരിക്കുക എന്നത് കടമയാണെന്നും ഏവരും തിരിച്ചറിയുന്നതെന്നും പാപ്പാ പറഞ്ഞു.
സംയോജനം എന്നാല്‍ കുടിയേറ്റക്കാരായി എത്തുന്നവരുടെ ചരിത്രം മായ്ച്ചുകളയുക എന്നോ അവരുടെ ഓര്‍മ്മയിലുള്ളതെല്ലാം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുക എന്നോ അര്‍ത്ഥമില്ലയെന്നും മറിച്ച് ഇത് പരസ്പരമുള്ള ഒരു യാത്രയാണെന്നു എടുത്തു പറഞ്ഞ പാപ്പാ സ്വീകരിക്കുന്ന സമൂഹത്തോട് വിശ്വാസത്തോടെ തുറന്ന സമീപനം സ്വീകരിക്കുക അവരുടെ ഭാഷ പഠിക്കുക നിയമങ്ങള്‍ ബഹുമാനിക്കുക ആചാരങ്ങള്‍ മനസ്സിലാക്കുക പൊതുജീവിതത്തില്‍ പങ്കുചേരുക കഴിവുകള്‍ ഉപയോഗിക്കുക എന്നതെല്ലാം കുടിയേറ്റക്കാരുടെ ഉത്തരവാദിത്വങ്ങള്‍ ആണെന്നതും അടിവരയിട്ടു.
നിയമപരമായ വിഭാഗങ്ങളെക്കുറിച്ചോ കൈകാര്യം ചെയ്യേണ്ട പ്രശ്‌നങ്ങളെക്കുറിച്ചോ സംസാരിക്കുന്നതിന് മുന്‍പ് ദൈവത്തിന്റെ ചായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തികളെക്കുറിച്ചാണ് നാം സംസാരിക്കേണ്ടതെന്നും അവര്‍ എത്തിച്ചേരുമ്പോള്‍ ജീവിതത്തില്‍ ഭാവിയിലേക്കുള്ള ഒരു പ്രത്യാശയെക്കുറിച്ചാണ് പ്രവൃത്തികളിലൂടെയും പെരുമാറ്റത്തിലൂടെയും നാം ആശയവിനിമയം നടത്തേണ്ടതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
സംയോജനം എന്നാല്‍ ഒരാള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഇടങ്ങള്‍ ഒരുക്കുക എന്നതാണെന്നു ആദ്യകാല കുടിയേറ്റക്കാര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നതും പാപ്പാ അടിവരയിട്ടു.
പിന്നീട് കത്തോലിക്കാരായ സഹോദരങ്ങള്‍ക്ക് കുടിയേറ്റക്കാരോട് ഉണ്ടായിരിക്കേണ്ട മനോഭാവവും പാപ്പാ എടുത്തു പറഞ്ഞു. ഇടവകകളില്‍ എത്തുന്നവര്‍ക്ക് ഭക്ഷണം പാര്‍പ്പിടം ഭാഷ ജോലി സംരക്ഷണം എന്നിവ ആവശ്യമാണെന്നും എന്നാല്‍ അതിനോടൊപ്പം ഓരോ വ്യക്തിയുടെയും മനസ്സാക്ഷിയെയും സ്വാതന്ത്ര്യത്തെയും ബഹുമാനിച്ചുകൊണ്ട് യേശുക്രിസ്തുവിനെ അറിയാനുള്ള പാതകള്‍ നല്‍കാന്‍ കഴിയുന്ന ഒരു സമൂഹത്തെയും അവര്‍ക്ക് കണ്ടെത്താനാകണമെന്നും പാപ്പാ പറഞ്ഞു.
മുറിവേറ്റവരായി എത്തിയവര്‍ തങ്ങളുടെ വേദനയില്‍ എന്നും തളച്ചിടപ്പെടാതെ അവര്‍ക്ക് എഴുന്നേറ്റ് നില്‍ക്കാനും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് സമൂഹത്തിന് നല്‍കാനും കഴിയണമെന്നും ഇതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കണമെന്നും പാപ്പാ പറഞ്ഞു.
തുടര്‍ന്ന് പാപ്പാ മരണത്തിന്റെ പാതകള്‍ ഒരുക്കുന്നവരോട് മനുഷ്യക്കടത്ത് നടത്തുന്നവരോട് രേഖകള്‍ തടഞ്ഞുവെക്കുന്നവരോട് തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരോട് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നവരോട് കുടുംബങ്ങളെ വഞ്ചിക്കുന്നവരോട് മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ ബിസിനസ്സാക്കി മാറ്റുന്നവരോട് മനസാന്തരപ്പെടുക എന്ന ശക്തമായ താക്കീതും നല്‍കി.
നഷ്ടപ്പെട്ട ഓരോ ജീവനും വഞ്ചിക്കപ്പെട്ട ഓരോ കുടുംബത്തിനും കീഴ്‌പ്പെടുത്തപ്പെട്ട ഓരോ ശരീരത്തിനും ഭീഷണിപ്പെടുത്തപ്പെട്ട ഓരോ സ്ത്രീക്കും ചൂഷണം ചെയ്യപ്പെട്ട ഓരോ തൊഴിലാളിക്കും വേണ്ടി നിങ്ങള്‍ ദൈവത്തിന്റെ നീതിക്ക് മുന്‍പില്‍ മറുപടി പറയേണ്ടി വരുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
സ്വീകരിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും വിലമതിക്കപ്പെടാനും സംയോജിക്കപ്പെടാനും ആഗ്രഹിക്കുന്ന ഓരോ സഹോദരനിലും തന്നെ തിരിച്ചറിയാന്‍ യേശു നമ്മെ വിളിക്കുന്നുവെന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.