പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരില്‍ യേശുവിന്റെ മുഖം ദര്‍ശിക്കണം: ആഫ്രിക്കന്‍ യുവജനതയോട് പാപ്പാ
സെപ്റ്റംബര്‍ മാസം 7 മുതല്‍ 11 വരെ ഘാനയുടെ തലസ്ഥാനമായ അക്രയില്‍ വച്ച് നടക്കുന്ന, ഒന്നാമത്, പശ്ചിമാഫ്രിക്കന്‍ യുവജനസമ്മേളനത്തില്‍ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട്, ലിയോ പതിനാലാമന്‍ പാപ്പാ തന്റെ വീഡിയോ സന്ദേശം പങ്കുവച്ചു. പശ്ചിമാഫ്രിക്കന്‍ മെത്രാന്‍ സമിതിയാണ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്.
പതിനാറ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നുമുള്ള യുവാക്കള്‍ക്ക് പരസ്പരം കണ്ടുമുട്ടുവാനും, പങ്കുവയ്ക്കുവാനും, അപ്രകാരം വിശ്വാസത്തില്‍ വളരുവാനുമുള്ള അവസരമാണ്, ഈ യുവജനസമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.
യുവാക്കളെ അഭിസംബോധന ചെയ്യുവാന്‍ തനിക്കു സാധിച്ചതിലുള്ള സന്തോഷം പാപ്പാ ആമുഖത്തില്‍ പങ്കുവച്ചു. സമ്മേളനത്തിന്റെ നിമിഷങ്ങള്‍, വിശ്വാസത്തില്‍ വളരുവാനും, തുറന്ന മനസോടെ അപരനെ കണ്ടുമുട്ടുവാനും, അപ്രകാരം വിവിധ മൂല്യങ്ങളാല്‍ സമ്പന്നമാകുവാനുമുള്ള അവസരം ഒരുക്കട്ടെയെന്നു പാപ്പാ ആശംസിച്ചു.
ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നിറയുമ്പോഴും, സംശയം, അനിശ്ചിതത്വം, ചില സമയങ്ങളില്‍ അരക്ഷിതാവസ്ഥ എന്നിവയുടെ ഭാരം നിറയുമ്പോഴും, പ്രതീക്ഷ നഷ്ടപ്പെടാതെ മുന്നോട്ട് പോകാന്‍ പാപ്പാ ഏവരെയും പ്രോത്സാഹിപ്പിച്ചു.
'നിങ്ങളുടെ യൗവനം നിങ്ങള്‍ക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്കും സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള അമൂല്യമായ നിധിയാണ്' എന്ന 2010 ലെ യുവജന ദിനത്തോടനുബന്ധിച്ച്, ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ വാക്കുകളും സന്ദേശത്തില്‍ പാപ്പാ ഉദ്ധരിച്ചു.
ഒരുമിച്ച് നടക്കുക എന്നത് ഇന്ന് എല്ലാവരും നേരിടുന്ന വെല്ലുവിളികളില്‍ ഒന്നാണെന്ന് അടിവരയിട്ട പാപ്പാ, . ഒരുമിച്ച് നടക്കുക എന്നതിനര്‍ത്ഥം ആരും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ഒറ്റപ്പെടുത്തപ്പെടുകയോ ഒഴിവാക്കപ്പെടുകയോ തിരസ്‌കരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.
അതിനാല്‍ യുവജനങ്ങള്‍, . ജനങ്ങള്‍, സംസ്‌കാരങ്ങള്‍, മതങ്ങള്‍ എന്നിവ തമ്മിലുള്ള പാലങ്ങള്‍ നിര്‍മ്മിക്കുന്നവരാകണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ആരെയും ഒഴിവാക്കാതെ തന്റെ യാത്രയെ മുന്‍പോട്ടു നയിച്ച, യേശുവിനെപോലെ ജീവിക്കുവാന്‍ സ്വയം പ്രതിജ്ഞാബദ്ധരാകണമെന്നും, പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരില്‍ യേശുവിന്റെ മുഖം ദര്‍ശിക്കണമെന്നും പാപ്പാ എടുത്തുപറഞ്ഞു.
സഭ യുവാക്കളില്‍ വിശ്വാസം ഉറപ്പിക്കുന്നുവെന്നും, അവരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും, യുദ്ധങ്ങളാലും സംഘര്‍ഷങ്ങളാലും അടയാളപ്പെടുത്തപ്പെട്ട ലോകത്തിന് ശക്തമായ സന്ദേശം നല്‍കണമെന്നും, സ്‌നേഹം, നീതി, സമാധാനം എന്നിവയുടെ സാക്ഷികളായിരിക്കണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
നൈമിഷിക ആനന്ദങ്ങളുടെയും, ഉപരിപ്ലവതയുടെയും പേരില്‍ യൗവനം ഹോമിക്കരുതെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.
സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായത്തിനു പാപ്പാ, ഏവരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു. യുവജനങ്ങളെ പരിപാലിക്കുന്ന വൈദികരും, മറ്റു ആളുകളും ദൈവകൃപയാല്‍ നിറയട്ടെയെന്നു ആശംസിക്കുകയും ചെയ്തു.