മാർപാപ്പ നവംബറിൽ പെറു സന്ദർശിക്കും; സ്ഥിരീകരണവുമായി പെറുവിയൻ പ്രസിഡന്റ്
പെറുവിയൻ പ്രസിഡന്റ് ജോസെ മരിയ ബാൽകാസറും ലെയോ പതിനാലാമൻ മാർപാപ്പയും തമ്മിൽ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നവംബർ ആദ്യപകുതിയിൽ മാർപാപ്പ പെറു സന്ദർശിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് വാർത്താലേഖകരെ അറിയിച്ചു.
ലിമ, ചിക്ലായോ, പിയൂര, പുക്കാൽപ, കുസ്കോ എന്നീ അഞ്ച് നഗരങ്ങളാണ് നിലവിൽ മാർപാപ്പയുടെ സന്ദർശന പട്ടികയിലുള്ളത്. യാത്രാവിവരങ്ങൾ ക്രമീകരിക്കുന്ന സംഘത്തിന്റെ തീരുമാനപ്രകാരം അരെക്വിപ്പ എന്ന നഗരം കൂടി സന്ദർശനത്തിൽ ഉൾപ്പെടുത്തിയേക്കുമെന്നും പ്രസിഡന്റ് സൂചന നൽകി.
ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഈ കൂടിക്കാഴ്ചയിൽ പെറുവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) – മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മാർപാപ്പയുടെ പുതിയ ചാക്രിക ലേഖനമായ ‘മാഗ്നിഫിക്ക ഹ്യുമാനിത്താസ്’, കുടിയേറ്റ പ്രശ്നങ്ങൾ, നിയമവിരുദ്ധ ഖനനം തുടങ്ങിയ വിവിധ വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തു. സന്ദർശനത്തിന്റെ ഔദ്യോഗിക യാത്രാവിവരങ്ങൾ വത്തിക്കാൻ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.