സഭയില്‍ ഒരു തരത്തിലുള്ള ദുരുപയോഗവും അരുതെന്ന് മാര്‍പ്പാപ്പാ

വത്തിക്കാന്‍സിറ്റി: ഒരു തരത്തിലുള്ള ദുരുപയോഗവും അനുവദിക്കാത്ത ഒരു പ്രതിരോധ സംസ്കൃതി സഭയില്‍ രൂഢമൂലമാകേണ്ടത് അടിയന്തിരാവശ്യമാണെന്ന് മാര്‍പ്പാപ്പാ.
ലിയൊ പതിനാലാമന്‍ പാപ്പാ, രണ്ടു പതിറ്റാണ്ടോളം പ്രേഷിതനായിരുന്ന പെറുവില്‍, അന്നാടിന്റെ തലസ്ഥാനമായ ലീമയില്‍ ''ഉഗാസ് പദ്ധതി'' എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഒരു നാടക പരിപാടിയുടെ സമാപനത്തില്‍ വെള്ളിയാഴ്ച വിശ്വാസകാര്യസംഘത്തിലെ ഉദ്യോഗസ്ഥനായ മോണ്‍സിഞ്ഞോര്‍ ഹൊര്ദി ബെര്ത്തൊമൊയു വായിച്ച സന്ദേശത്തിലാണ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
ലത്തീനമേരിക്കയില്‍ പ്രവര്ത്തനനിരതമായിരുന്നതും എന്നാല്‍ പീഢനങ്ങളുടെ വേദിയായി മാറിയതുമായ ''സൊഡാലിസിയൊ'' എന്ന നിരോധിത പ്രസ്ഥാനത്തിലെ കഥകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതില്‍ മുഖ്യ പങ്കുവഹിച്ച മാദ്ധ്യമ പ്രവര്‍ത്തക പാവൊള ഉഗാസിനു സമര്‍പ്പിതമായിരുന്നു ഈ പരിപാടി.
പ്രതിരോധവും പരിചരണവും ഒരു അജപാലന തന്ത്രമല്ലെന്നും അവ സുവിശേഷത്തിന്റെ കാതലാണെന്നും പറയുന്ന പാപ്പാ അധികാരത്തിന്റെയോ അധികാരികളുടെയൊ മനസ്സാക്ഷിയുടെയോ ആത്മീയതയുടെയോ, ലൈംഗികതയുടെയോ ആകട്ടെ ഒരു തരത്തിലുള്ള ദുരുപയോഗവും വച്ചുപൊറുപ്പിക്കാത്ത ഒരു പ്രതിരോധ സംസ്കാരം സഭയിലുടനീളം വേരൂന്നേണ്ടത് അടിയന്തിരമാണെന്നും വ്യക്തമാക്കുന്നു.
സജീവമായ ജാഗ്രത, സുതാര്യമായ പ്രവര്‍ത്തനങ്ങള്‍, മുറിവേറ്റവരെ ആത്മാര്‍ത്ഥമായി ശ്രവിക്കല് എന്നിവയില്‍ നിന്ന് ഉടലെടുത്താല്‍ മാത്രമേ ഈ സംസ്കാരം യഥാര്‍ത്ഥമാകൂ എന്ന് പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. പത്രസ്വാതന്ത്ര്യം അടിച്ചമര്ത്തപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
എവിടെയങ്കിലും മാദ്ധ്യമപ്രവര്‍ത്തകര്‍ നിശബ്ദരാക്കപ്പെട്ടാല് അവിടെ പ്രജാധിപത്യം ബലഹീനമാകുന്നുവെന്ന് പാപ്പാ പറയുന്നു. ഭയപ്പെടാതെ കര്‍മ്മനിരതരായി സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാമൂഹിക സംഭാഷണത്തിന്റെയും ശില്പ്പികളാകാനും ഇരുളില്‍ വെളിച്ചം പകരുന്നവരാകാനും പാപ്പാ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പ്രചോദനം പകരുകയും ചെയ്യുന്നു.