ദൈവത്തിനും പെറുവിലെ ജനങ്ങള്‍ക്കും നന്ദി !ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പാപ്പ റോമിലേക്ക് മടങ്ങി

 
leo papa


ലിമ: തെക്കേ അമേരിക്കന്‍ രാജ്യങ്ങളായ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നിവിടങ്ങളിലേക്കുള്ള അപ്പസ്‌തോലിക യാത്ര പൂര്‍ത്തിയാക്കി ലിയോ 14-ാമന്‍ പാപ്പ റോമിലേക്ക് മടങ്ങി.

യാത്ര തിരിക്കുന്നതിന് മുന്നോടിയായി വിമാനത്താവളത്തില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ പെറു സര്‍ക്കാരിന്റെയും സഭയുടെയും പ്രതിനിധികള്‍ പങ്കെടുത്തു. 

സന്ദര്‍ശനത്തിന്റെ അവസാന ദിവസം ലിമയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെ സമാപനത്തില്‍ പാപ്പ പെറുവിലെ ജനതയോടും ദൈവത്തോടുമുള്ള തന്റെ അഗാധമായ നന്ദി രേഖപ്പെടുത്തി. 

''ഈ സന്ദര്‍ശനം സമാപിക്കുമ്പോള്‍, നാം ഒരുമിച്ച് പങ്കിട്ട ഈ ദിവസങ്ങളില്‍ ദൈവം നമ്മിലേക്ക് ചൊരിഞ്ഞ സമൃദ്ധമായ കൃപകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും അവിടുത്തോട് നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല. നന്ദി, പെറു,'' പാപ്പ പറഞ്ഞു. അപ്പസ്‌തോലിക യാത്ര വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച ഭരണകൂടത്തിനും സഭാ അധികാരികള്‍ക്കും സംഘാടകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പാപ്പ നന്ദി അറിയിച്ചു.

നേരിട്ടും മാധ്യമങ്ങളിലൂടെയും പരിപാടികളില്‍ പങ്കുചേര്‍ന്ന എല്ലാവരെയും പാപ്പ പ്രത്യേകം സ്മരിച്ചു. ''എനിക്ക് ഇവിടെ സ്വന്തം വീട്ടിലെന്ന പോലെയാണ് അനുഭവപ്പെട്ടത്. സഭ യഥാര്‍ത്ഥത്തില്‍ ഒരു കുടുംബമാണെന്ന് നിങ്ങള്‍ എന്നെ ഓര്‍മ്മിപ്പിച്ചു,'' പാപ്പ പറഞ്ഞു.

 2015 മുതല്‍ 2023 വരെ പെറുവിലെ ചിക്ലായോ രൂപതയുടെ മെത്രാനായും അതിനുമുമ്പ് രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇവിടെ മിഷനറിയായും സേവനമനുഷ്ഠിച്ച ലിയോ പതിനാലാമന്‍ പാപ്പ മിഷനറി ഓര്‍മ്മകള്‍ പങ്കുവെച്ചു. 

''ഒരു മെത്രാനായി എങ്ങനെ ജീവിക്കണമെന്ന് നിങ്ങളാണ് എന്നെ പഠിപ്പിച്ചത്; ഇത്തവണ പത്രോസിന്റെ പിന്‍ഗാമിയായി എങ്ങനെ ശുശ്രൂഷ ചെയ്യണമെന്ന് ഞാന്‍ അല്പം കൂടി പഠിച്ചു,'' പാപ്പ വികാരനിര്‍ഭരനായി പറഞ്ഞു.

തെരുവുകളിലും ചത്വരങ്ങളിലും കണ്ട കുട്ടികളുടെ പുഞ്ചിരിയും, യുവാക്കളുടെ ആവേശവും, കുടുംബങ്ങളുടെ സ്‌നേഹവും, പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുത്തശ്ശീമുത്തശ്ശന്മാരുടെ വാത്സല്യവും താന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുമെന്ന് പാപ്പ വ്യക്തമാക്കി.

 ''ക്രിസ്തുവിനെ നിങ്ങളോട് പ്രഘോഷിക്കാനാണ് ഞാന്‍ വന്നത്. എന്നാല്‍, നിങ്ങള്‍ എന്നും പ്രകടിപ്പിച്ചിരുന്ന വിശ്വാസത്തിന്റെയും ഭക്തിയുടെയും സാക്ഷ്യവുമായാണ് ഞാന്‍ മടങ്ങുന്നത്,'' പാപ്പ പറഞ്ഞു.

വഴിയും സത്യവും ജീവനുമായ യേശുവിനോട് പ്രാര്‍ത്ഥിക്കുന്നത് തുടരാന്‍ ആഹ്വാനം ചെയ്ത പാപ്പ, പരിശുദ്ധ കന്യകാമറിയത്തിന്റെയും സകല വിശുദ്ധരുടെയും മാധ്യസ്ഥ്യം പെറുവിന് ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് തന്റെ സന്ദേശം ഉപസംഹരിച്ചത്.

പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്നാണ് പാപ്പ വിമാനം കയറിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2:28-ന് കല്ലാവോ വ്യോമസേനാ താവളത്തില്‍ നിന്ന് പുറപ്പെട്ട പാപ്പ ചൊവ്വാഴ്ച രാവിലെ 10:25-ന് വിമാനം റോമിലെ ഫ്യൂമിസിനോ വിമാനത്താവളത്തില്‍ ഇറങ്ങും.

Tags

Share this story

From Around the Web