വലിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനത്തിൽ പാപ്പാ പോംപെയിൽ
പത്രോസിന്റെ പിൻഗാമിയായി, ലിയോ പതിനാലാമൻ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടിട്ട്, മെയ് മാസം എട്ടാം തീയതി ഒരു വർഷം പൂർത്തിയാവുകയാണ്. അന്നേദിവസം, പാപ്പാ, ഇറ്റലിയിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ പോംപെ സന്ദർശിക്കുകയും, വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്യും. പോംപെ മാതാവിന്റെ തിരുനാൾ ദിനം കൂടിയാണ് അന്ന്. തന്റെ സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ പോംപൈയിലേക്ക് വരുന്നതിലൂടെ, പരിശുദ്ധ പിതാവ് പോംപെയിലെ വിശ്വാസികൾക്ക് വളരെ സവിശേഷമായ ഒരു സമ്മാനമാണ് നൽകുന്നതെന്നും, അത് നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കുവാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും, പോംപൈയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ദേവാലയത്തിന്റെ പേപ്പൽ പ്രതിനിധിയായ ആർച്ച് ബിഷപ്പ് തൊമ്മാസോ കപ്പൂത്തോ പറഞ്ഞു.
പോംപൈ സന്ദർശിച്ച ആദ്യത്തെ പാപ്പാ വിശുദ്ധ ജോൺ പോൾ രണ്ടാമനായിരുന്നു: 1979 ഒക്ടോബറിലും നിരവധി വർഷങ്ങൾക്ക് ശേഷം 2003 ലും അദ്ദേഹം ദേവാലയം സന്ദർശിച്ചു. തുടർന്ന് 2008-ൽ, അദ്ദേഹത്തിന്റെ പിൻഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പായും, 2015 മാർച്ചിൽ ഫ്രാൻസിസ് പാപ്പായും ദേവാലയം സന്ദർശിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്. അതിനാൽ പതിനൊന്നു വർഷങ്ങൾക്ക് ശേഷം, അതിവിശിഷ്ടമായ ഒരു ദിനത്തിൽ ലിയോ പതിനാലാമൻ പാപ്പായുടെ സന്ദർശനം ഏവർക്കും സന്തോഷം പകരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
പാപ്പായുടെ സന്ദർശനം പ്രഥമമായും പ്രധാനമായും ആത്മീവും, പ്രാർത്ഥനാമുഖരിതവും ആണെന്നും, അതിനാൽ, വിശുദ്ധ കുർബാനയും, പ്രത്യേക പ്രാർത്ഥനകളും പാപ്പാ അർപ്പിക്കുകയും, സഭയുടെ പ്രധാന മുഖമായ ജീവകാരുണ്യ നിലയം സന്ദർശിക്കുകയും ചെയ്യും. ബസിലിക്കയിൽ രോഗികൾ, വികലാംഗർ, പ്രായമായവർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.
ഏകദേശം 25,000 നിവാസികളുള്ള ഒരു നഗരമാണ് പോംപൈ. വിനോദസഞ്ചാരികളും, തീർത്ഥാടകരും ഉൾപ്പെടെ പ്രതിവർഷം ഏകദേശം 6 ദശലക്ഷം സന്ദർശകരെ ഈ ദേവാലയം സ്വാഗതം ചെയ്യുന്നു. ഈ തീർത്ഥടന കേന്ദ്രത്തിന്റെ സ്ഥാപകനായ, വിശുദ്ധ ബാർത്തോലോ ലോംഗോയെ, 2025 ഒക്ടോബർ 19-ന് വിശുദ്ധനായി പ്രഖ്യാപിച്ചത് ലിയോ പതിനാലാമൻ പാപ്പായായിരുന്നു.
നമ്മുടെ വിശ്വാസത്തിൽ നമ്മെ ഉറപ്പിക്കുന്നതിനും, നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നതിനും, നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നവോന്മേഷം നൽകുന്നതിനുമായിട്ടാണ് പാപ്പാ പോംപെയിലേക്ക് വരുന്നതെന്ന് ആർച്ച് ബിഷപ്പ് തൊമ്മാസോ കൂട്ടിച്ചേർത്തു.