ജൂൺ മാസത്തിലെ ലെയോ പാപ്പയുടെ പ്രത്യേക പ്രാർഥനാനിയോഗം പ്രസിദ്ധീകരിച്ചു
'

 
Leo papa

ജൂൺ മാസത്തിൽ കായികരംഗത്തെ ഉന്നതമായ മൂല്യങ്ങൾക്കായി പ്രത്യേകമായി പ്രാർഥിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാന്റെ ആഗോള പ്രാർഥനാശൃംഖല പുറത്തുവിട്ട, 2026 ജൂൺ മാസത്തെ മാർപാപ്പയുടെ പ്രത്യേക പ്രാർഥനാനിയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മനുഷ്യരെ തമ്മിൽ ഒന്നിപ്പിക്കാനും വംശീയ-സാംസ്കാരിക മതിലുകൾ തകർക്കാനും തലമുറകൾ തമ്മിലുള്ള കൂട്ടായ്മയ്ക്ക് വേദിയൊരുക്കാനും കായികരംഗത്തിന് സവിശേഷമായ കഴിവുണ്ടെന്ന് ഓർമ്മിപ്പിച്ച മാർപാപ്പ, മത്സരങ്ങൾ വെറും ശത്രുതയായി മാറുകയും അപരനെ മാറ്റിനിർത്തുന്ന പ്രവണത കൂടുകയും ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തിൽ കായികരംഗത്തിന്റെ യഥാർഥ അർഥം തിരിച്ചറിയേണ്ടതുണ്ടെന്ന് പറഞ്ഞു. സ്പോർട്സ് എന്നത് സാഹോദര്യത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും വിദ്യാലയമായി മാറണമെന്നും പാപ്പ കൂട്ടിച്ചേർത്തു.


​വൈവിധ്യമാർന്ന സംസ്കാരങ്ങളെയും ജനതകളെയും തമ്മിൽ അടുപ്പിക്കാൻ കായികരംഗത്തെ മൂല്യങ്ങൾക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട്, ഒരു പ്രത്യേക പ്രാർഥനയും മാർപാപ്പ വിശ്വാസികൾക്കായി പങ്കുവച്ചു. കായികതാരങ്ങളും പരിശീലകരും കാണികളും ഈ സാർവത്രികഭാഷ തിരിച്ചറിഞ്ഞ് പരസ്പരബഹുമാനത്തോടെയും ഐക്യത്തോടെയും മുന്നേറാനും മാർപാപ്പ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web