ലെയോ പാപ്പയുടെ ആത്മീയ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി പ്രൈവറ്റ് സെക്രട്ടറി
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലെയോ പതിനാലാമൻ മാർപാപ്പയുടെ ദൈനംദിന ആത്മീയ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് പ്രൈവറ്റ് സെക്രട്ടറി മോൺസിഞ്ഞോർ എഡ്ഗാർഡ് റിമൈക്യൂന. സദാസമയവും ദൈവസാന്നിധ്യത്തിൽ ജീവിക്കുന്ന വ്യക്തിയാണ് മാർപാപ്പയെന്ന് അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന് നൽകിയ അഭിമുഖത്തിൽ പെറുവിയൻ വൈദികനായ ഫാ. എഡ്ഗാർഡ് വ്യക്തമാക്കി.
നിശ്ശബ്ദത, വിശുദ്ധ കുർബാന, യാമപ്രാർഥനകൾ, ജപമാല, ദിവ്യകാരുണ്യ ആരാധന എന്നിവയിലാണ് മാർപാപ്പയുടെ ഓരോ ദിവസവും അധിഷ്ഠിതമായിരിക്കുന്നത്. വിശുദ്ധ അഗസ്റ്റിന്റെ ആത്മീയ ചിന്തകൾ മാർപാപ്പയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞ് ദൈവത്തോട് സംസാരിക്കുന്നതാണ് പാപ്പയുടെ പ്രാർഥനാരീതിയെന്ന് സെക്രട്ടറി കൂട്ടിച്ചേർത്തു.
ഈ ആത്മീയത മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും പ്രതിഫലിക്കുന്നുണ്ട്. തന്നെ സമീപിക്കുന്നവർക്ക് പാപ്പ ആവശ്യത്തിന് സമയം നൽകുകയും അവരുടെ ആവശ്യങ്ങൾ പ്രാർഥനയിൽ ഓർക്കുകയും ചെയ്യുന്നു. ഭരണകാര്യങ്ങളിൽ ഒട്ടും തിടുക്കം കൂട്ടാത്ത പാപ്പ എതിരഭിപ്രായങ്ങൾ പോലും ക്ഷമയോടെ കേട്ട ശേഷമേ തീരുമാനങ്ങളെടുക്കാറുള്ളൂ.
ഉക്രൈൻ, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളിൽ അങ്ങേയറ്റം ദുഃഖിതനായ മാർപാപ്പ സമാധാനത്തിനായി നിരന്തരം പ്രയത്നിക്കുകയാണെന്നും വത്തിക്കാന്റെ വലിയ ഉത്തരവാദിത്തങ്ങൾ ചുമക്കുന്ന പരിശുദ്ധ പിതാവിനായി വിശ്വാസികൾ എപ്പോഴും പ്രാർഥിക്കണമെന്നും ഫാ. എഡ്ഗാർഡ് റിമൈക്യൂന അഭ്യർഥിച്ചു.