പാവങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ആഹ്വാനവുമായി ലെയോ പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക പ്രബോധനം

വത്തിക്കാന്‍ സിറ്റി: 'ഞാന്‍ നിന്നെ സ്‌നേഹിച്ചു' അഥവാ 'ദിലേക്‌സി തേ' എന്ന പേരില്‍ ലെയോ പതിനാലാമന്‍ പാപ്പ എഴുതിയ പ്രഥമ അപ്പസ്‌തോലിക പ്രബോധനം വത്തിക്കാന്‍ പുറത്തിറക്കി.
ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്കു വത്തിക്കാന്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ലെയോ പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക പ്രബോധനത്തില്‍ ദരിദ്രരോടുള്ള അവഗണന, സാമ്പത്തിക അസമത്വം, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, പോഷകാഹാരക്കുറവ്, വിദ്യാഭ്യാസപ്രതിസന്ധി, കുടിയേറ്റം, അനീതി തുടങ്ങീയ വിവിധ സാമൂഹിക വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 4ന് ലെയോ പാപ്പ ഒപ്പിട്ട ഈ അപ്പസ്‌തോലികപ്രബോധനം ഇന്നു ഒക്ടോബര്‍ 9 വ്യാഴാഴ്ചയാണ് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.
ദൈവസ്‌നേഹവും, പാവപ്പെട്ടവരോടുള്ള സ്‌നേഹവും തമ്മില്‍ വലിയ തോതില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ രേഖയിലൂടെ ലെയോ പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്റെ സ്‌നേഹം ജീവിക്കേണ്ടത് പാവപ്പെട്ടവരെ സ്‌നേഹിച്ചുകൊണ്ടാണെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് അപ്പസ്‌തോലിക പ്രബോധനം.
നൂറ്റിയിരുപത്തിയൊന്ന് ഖണ്ഡികകളിലായി, പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും നല്‍കുന്ന പരിചരണം, അടിമത്തത്തിനെതിരെയുള്ള പോരാട്ടം, അക്രമങ്ങള്‍ക്കു ഇരകളാകുന്ന സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം, കുടിയേറ്റക്കാര്‍ക്ക് നല്‍കേണ്ട പിന്തുണ, കാരുണ്യപ്രവര്‍ത്തികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സമൂഹത്തില്‍ അവഗണിക്കപ്പെട്ടും, മോശം പെരുമാറ്റങ്ങള്‍ നേരിട്ടും, അക്രമങ്ങള്‍ക്ക് ഇരകളായും സഹിക്കേണ്ടിവരുന്ന സ്ത്രീകളെ പാപ്പ അപ്പസ്‌തോലിക പ്രബോധനത്തില്‍ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്.
സമൂഹത്തില്‍ പാവപ്പെട്ടവര്‍ ഉണ്ടാകുന്നത് അവരുടെ വിധികൊണ്ടല്ലെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, ക്രൈസ്തവര്‍ പോലും ചില ലൗകിക പ്രത്യയശാസ്ത്രങ്ങള്‍ക്കും, രാഷ്ട്രീയ, സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍ക്കും വഴിപ്പെട്ട് അന്യായമായ സാമാന്യവത്കരണത്തിനും തെറ്റായ നിഗമനങ്ങളിലേക്കും നയിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
സര്‍ക്കാരാണ് പാവപ്പെട്ടവരുടെ കാര്യം ഏറ്റെടുക്കേണ്ടതെന്നും, അവരെ അവരുടെ കഷ്ടപ്പാടില്‍ ഉപേക്ഷിച്ചിട്ട് പോകുന്നതാണ് നല്ലതെന്നും കരുതുന്നവരും ഇന്നുണ്ട്. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ മറ്റുള്ളവര്‍ക്ക് ദാനധര്‍മ്മം നല്‍കുന്നത് പോലും കുറഞ്ഞുവരുന്നു.
പാവപ്പെട്ടവരുടെ വേദനിക്കുന്ന ജീവിതങ്ങളെ സ്പര്‍ശിക്കുന്നതിനായി നാം ദാനധര്‍മ്മം നല്‍കേണ്ടതുണ്ടെന്നും പാപ്പ അപ്പസ്‌തോലിക ലേഖനത്തിലൂടെ ഓര്‍മ്മിപ്പിച്ചു.
ബെനഡിക്ട് പാപ്പാ തുടങ്ങിവച്ച് ഫ്രാന്‍സിസ് പാപ്പാ പൂര്‍ത്തിയാക്കിയ 'ലുമെന്‍ ഫീദെയി' എന്ന അപ്പസ്‌തോലിക പ്രബോധനത്തിന് സമാനമായി ഫ്രാന്‍സിസ് പാപ്പ എഴുതിയ 'ദിലേക്‌സിത് നോസ്' എന്ന യേശുവിന്റെ സ്‌നേഹിക്കുന്ന ഹൃദയത്തെക്കുറിച്ചുള്ള തന്റെ ചാക്രികലേഖനത്തിന്റെ തുടര്‍ച്ചയായാണ് 'ദിലേക്‌സി തേ' രചിക്കപ്പെട്ടിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ എട്ട് ഭാഷകളിലായാണ് അപ്പസ്‌തോലിക പ്രബോധനം പുറത്തിറക്കിയിരിക്കുന്നത്. വരും നാളുകളില്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജ്ജമ ലഭ്യമാകും.