സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ക്ക് പങ്കുവയ്ക്കപ്പെടുന്ന പരിഹാരങ്ങള്‍ തേടണമെന്ന് ലിയോപതിന്നാലാമന്‍ പാപ്പാ

നമ്മുടെ കാലഘട്ടത്തിലെ സങ്കീര്‍ണ്ണമായ വെല്ലുവിളികള്‍ എല്ലാവരും പങ്കുവയ്ക്കുന്ന പരിഹാരങ്ങള്‍ തേടുന്നതും സ്വീകരിക്കുന്നതും പൂര്‍വ്വോപരി അനിവാര്യമാക്കുന്നുമെന്ന് പാപ്പാ.
ഇറ്റലിയുടെ രാഷ്ട്രപതി മന്ദിരമായ ''പലാത്സൊ ദെല്‍ ക്വിരിനാലെ''യില്‍ ഒക്ടോബര്‍ 14-ന്, ചൊവ്വാഴ്ച എത്തി അന്നാടിന്റെ പ്രസിഡന്റ് സേര്‍ജൊ മത്തരേല്ലയെ സന്ദര്‍ശിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ലിയൊ പതിനാലാമന്‍ പാപ്പാ ഇറ്റലിയും പരിശുദ്ധസിംഹാസനവും ബഹുരാഷ്ട്രസഹകരണം എന്ന മൂല്യത്തിന് ഊന്നല്‍ നല്കുന്ന പ്രവര്‍ത്തനശൈലിയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.
യുദ്ധം, ദുരിതങ്ങള്‍, വിശിഷ്യ, ഗാസയിലെ കുട്ടികളുടെ കഷ്ടപ്പാടുകള്‍ തുടങ്ങിയ അവസ്ഥകളെ നേരിടാന്‍ ഇറ്റലി നടത്തുന്ന ശ്രമങ്ങളെ പാപ്പാ ശ്ലാഘിച്ചു. പ്രത്യാശയുടെ നിരവധി അടയാളങ്ങള്‍ക്കൊപ്പം, ദൗര്‍ഭാഗ്യവശാല്‍, ലോകമെമ്പാടും മനുഷ്യരാശിയെ മുറിവേല്‍പ്പിക്കുന്നതും അടിയന്തിരവും ദീര്‍ഘവീക്ഷണമുള്ളതുമായ പ്രതികരണങ്ങള്‍ ആവശ്യമുള്ളതുമായ നിരവധി അതിരൂക്ഷ ദുരിതാവസ്ഥകളുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.
ഈ പശ്ചാത്തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമാധാന പ്രവര്‍ത്തനമാണെന്ന് വ്യക്തമാക്കിയ പാപ്പാ ലോകമഖിലം സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് തുടരാനും ജനങ്ങള്‍ക്കിടയില്‍ നീതി, സമത്വം, സഹകരണം എന്നിവയുടെ തത്വങ്ങള്‍ കൂടുതല്‍ വളര്‍ത്തിയെടുക്കാനും പരിപോഷിപ്പിക്കാനുമുള്ള തന്റെ ഹൃദയംഗമമായ അഭ്യര്‍ത്ഥന നവീകരിച്ചു.
സമീപ ദശകങ്ങളില്‍ യൂറോപ്പില്‍ പൊതുവെ ജനനനിരക്കില്‍ ഗണ്യമായ കുറവുണ്ടായിട്ടുള്ളതിനെക്കുറിച്ചും പാപ്പാ പരാമര്‍ശിച്ചു. കുടുംബത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും കുടുംബമൂല്യങ്ങള്‍ പരിപോഷിപ്പിച്ചുകൊണ്ടും കുടുംബത്തിന് അനുകൂലമായി വിവിധ തലങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം പാപ്പാ ചൂണ്ടിക്കാട്ടി.
'അപ്പന്‍,' 'അമ്മ,' 'മകന്‍,' 'മകള്‍,' 'മുത്തച്ഛന്‍,' 'മുത്തശ്ശി' എന്നിവ ഇറ്റലിയുടെ പാരമ്പര്യത്തില്‍, സ്‌നേഹം, ബഹുമാനം, സമര്‍പ്പണം എന്നിവയുടെ വികാരങ്ങള്‍ സ്വാഭാവികമായി പ്രകടിപ്പിക്കുകയും ഉണര്‍ത്തുകയും ചെയ്യുന്ന വാക്കുകളാണെന്ന് പാപ്പാ അനുസ്മരിച്ചു.
എല്ലാ കുടുംബങ്ങള്‍ക്കും മാന്യമായ തൊഴില്‍ ഉറപ്പാക്കേണ്ടതിന്റെയും കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവ കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതിന് സാധ്യമായതെല്ലാം ചെയ്യേണ്ടതിന്റെയും ആവശ്യകത പാപ്പാ ഊന്നിപ്പറഞ്ഞു.
തന്റെ പ്രഭാഷണത്തിന്റെ അവസാനം പാപ്പാ പ്രസിഡന്റ് സേര്‍ജൊ മത്തരേല്ലയ്ക്കും ഇറ്റലിയിലെ ജനങ്ങള്‍ക്കും സര്‍വ്വ നന്മകളും നേര്‍ന്നു. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 11 മുതല്‍ ഉച്ചയ്ക്ക് ഏതാണ്ട് 1 മണി വരെയായിരുന്നു പാപ്പായുടെ സന്ദര്‍ശന പരിപാടി.