ലെബനനിലെ ക്രൈസ്തവരുൾപ്പെടെയുള്ള ജനത്തിന് തന്റെ സാമീപ്യമറിയിച്ച് ലിയോപാപ്പ

 
Leo papa

ധൈര്യം നഷ്ടപ്പെടുത്തരുതെന്ന് ആഹ്വാനമേകിയും, തെക്കൻ ലബനാനിലെ ക്രൈസ്തവരുൾപ്പെടെ ഏവർക്കും തന്റെ സാമീപ്യം ഉറപ്പു നൽകിയും ലിയോ പതിനാലാമൻ പാപ്പാ. തെക്കൻ ലെബനനിലുള്ള ദെയ്ർ കിഫായിലുള്ള ക്യാമ്പിൽ,രാജ്യത്തേക്കുള്ള വത്തിക്കാൻ നയതന്ത്രവിഭാഗം തലവൻ ആർച്ച്ബിഷപ് പാളോ ബോർജ്യയാണ്, ഇസ്രായേൽ രാജ്യത്ത് നടത്തിവരുന്ന ആക്രമണങ്ങളുടെ കൂടി ഭാഗമായി ദുരിതമനുഭവിക്കുന്ന ജനത്തന്, പരിശുദ്ധ പിതാവിന്റെ സാമീപ്യം അറിയിച്ചുകൊണ്ടുള്ള കത്ത് വായിച്ചത്.

യുദ്ധഭീകരത മൂലം ദുരിതമനുഭവിക്കുന്ന ജനത്തിന്, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിട്ട കത്തിലൂടെ പരിശുദ്ധ പിതാവ് തന്റെ സാമീപ്യവും പിതൃസഹജമായ സ്നേഹവും വാഗ്ദാനം ചെയ്തു. ദേബേൽ ഗ്രാമത്തിൽ രാജ്യത്തെ അപ്പസ്തോലിക നൂൺഷ്യോ നടത്താനിരുന്ന സന്ദർശനത്തിന്റെ ഭാഗമായി വായിക്കാനിരുന്നതാണ് പരിശുദ്ധ പിതാവിന്റെ കാത്തെങ്കിലും, പ്രദേശത്തു തുടരുന്ന കനത്ത ആക്രമണങ്ങൾ ഈ സന്ദർശനം അസാദ്ധ്യമാക്കുകയായിരുന്നു.

യുദ്ധവും ആക്രമണങ്ങളും മൂലം വേദനയും, ഭീതിയും അനുഭവിക്കുകയും, വിലപിക്കുകയും ചെയ്യുന്ന ഏവരുടെയും ഹൃദയത്തിൽ യേശുവിന്റെ തിരുവുത്ഥാനം നൽകുന്ന ആനന്ദം നിറയട്ടെയെന്ന് പാപ്പാ ആശംസിച്ചു. അനീതിയുടെയും ഉപേക്ഷയുടെയും ബുദ്ധിമുട്ടിന്റെയും നിമിഷങ്ങളിൽ ക്രിസ്തുവിന്റെ സഹനത്തിനും തിന്മയുടെമേലുള്ള വിജയത്തിനും ഒപ്പമാണ് വിശ്വാസികൾ ജീവിക്കുന്നതെന്ന് പാപ്പാ എഴുതി.

പ്രത്യാശയോടെ ജീവിക്കാനും, ബുദ്ധിമുട്ടുകൾക്കിടയിലും തളർന്നുപോകാതെ പിടിച്ചുനില്ക്കാനും പാപ്പാ ജനങ്ങളെ ആഹ്വാനം ചെയ്തു. ദേബേൽ ഗ്രാമത്തിലെ ആളുകൾക്കായി, ഈസ്റ്ററിന്റെ കൂടി പശ്ചാത്തലത്തിൽ കഴിഞ്ഞ ഞായറാഴ്ച മൂന്ന് ട്രാക്കുകളിലായി നാൽപ്പത് ടൺ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായുള്ള പരിശ്രമങ്ങൾ നടന്നിരുന്നു. കൃത്യമായ സഹായവിതരണം സാധ്യമല്ലെങ്കിലും, സാധിക്കുന്ന വിധത്തിൽ സഹായസഹകരണവിതരണത്തിന് സഭ അതിന്റെ വിവിധ ഘടകങ്ങളിലൂടെ പരിശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇറാൻ, ഇസ്രായേൽ, അമേരിക്ക എന്നിവർ എത്തിച്ചേർന്നുവെന്ന് അറിയിക്കപ്പെട്ട ഒരു കരാറിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും, ലെബനനെ അതിൽ ഉൾപ്പെടുത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ മാത്രം ലെബനനിൽ കൊല്ലപ്പെട്ടത്. 

Tags

Share this story

From Around the Web