ലെയോ പതിനാലാമൻ പാപ്പയുടെ സ്പെയിൻ സന്ദർശനം: ഔദ്യോഗിക യാത്രാവിവരങ്ങൾ പുറത്തുവിട്ടു
ലെയോ പതിനാലാമൻ മാർപാപ്പ ജൂൺ ആറ് മുതൽ 12 വരെ സ്പെയിനിലേക്ക് നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിന്റെ ഔദ്യോഗിക സമയക്രമം പുറത്തുവിട്ട് വത്തിക്കാൻ. മാഡ്രിഡ്, ബാഴ്‌സലോണ, കാനറി ദ്വീപുകൾ എന്നീ മൂന്ന് പ്രധാനപ്പെട്ട സ്ഥലങ്ങൾ പാപ്പ സന്ദർശിക്കും. 12 പ്രസംഗങ്ങൾ, നാല് പൊതുദിവ്യബലികൾ, രാഷ്ട്രീയ-സഭാ-പൗരനേതാക്കളുമായി ഏകദേശം പത്ത് കൂടിക്കാഴ്ചകൾ എന്നിവ പാപ്പയുടെ യാത്രയിൽ ഉൾപ്പെടുന്നു.
ജൂൺ ആറിന് മാഡ്രിഡിലെത്തുന്ന മാർപാപ്പയ്ക്ക് വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് സ്പെയിനിലെ ഫിലിപ്പ് രാജാവുമായും മറ്റ് സർക്കാർ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന പാപ്പ, സെൻട്രൽ മാഡ്രിഡിലെ പ്ലാസ ഡി ലിമയിൽ യുവജനങ്ങൾക്കൊപ്പം ജാഗരണ പ്രാർഥനയിൽ പങ്കെടുക്കും.
അടുത്ത ദിവസം, കോർപ്പസ് ക്രിസ്റ്റി തിരുനാൾ ദിനത്തിൽ, മാർപാപ്പ പ്രശസ്തമായ പ്ലാസ ഡി സിബെൽസിൽ ദിവ്യബലി അർപ്പിക്കുകയും ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ അംഗങ്ങളുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തുകയും തുടർന്ന് മാഡ്രിഡിലെ മോവിസ്റ്റാർ അരീനയിൽ സംസ്കാരം, കല, ബിസിനസ്സ്, കായികം എന്നീ മേഖലകളിലെ പ്രതിനിധികളുമായി ഒരു സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും.
ജൂൺ എട്ട് തിങ്കളാഴ്ച രാവിലെ, മാർപാപ്പ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെ കാണുകയും തുടർന്ന് കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസിൽ പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും. ശേഷം സ്പാനിഷ് ബിഷപ്പ് കോൺഫറൻസിന്റെ ആസ്ഥാനത്ത് ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുകയും വൈകുന്നേരം ബെർണബ്യൂ സ്റ്റേഡിയത്തിൽ പ്രാദേശിക രൂപതാസമൂഹത്തോടൊപ്പം ചിലവഴിക്കുകയും ചെയ്യും.
സാഗ്രഡ ഫാമിലിയയിലെ ബസിലിക്കയുടെ ഗോപുരത്തിന്റെ ആശീർവാദത്തിനായി ജൂൺ ഒൻപതിന് ബാഴ്‌സലോണയിലെത്തുന്ന മാർപാപ്പ, അവിടെ ഒരു ഭവനരഹിത അഭയകേന്ദ്രവും ഒരു ജയിലും സന്ദർശിക്കും.
ജൂൺ 11 ന്, യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാർക്ക് ഒരു പ്രധാന സമുദ്ര പ്രവേശനകേന്ദ്രമായി വർത്തിക്കുന്ന കാനറി ദ്വീപുകളിൽ പാപ്പയെത്തും. ലാസ് പാൽമാസ് ഡി ഗ്രാൻ കാനറിയയിലും സാന്താക്രൂസ് ഡി ടെനറൈഫിലും പാപ്പ ദിവ്യബലി അർപ്പിക്കുകയും ചെയ്യും