ആമസോണിന് പ്രത്യാശയായി ലിയോ പതിനാലാമന്‍ പാപ്പായുടെ പെറു സന്ദര്‍ശനം
പെറു: പെറുവിലെ ആമസോണ്‍ മേഖലയില്‍ പുതിയ പ്രത്യാശയുടെ കിരണങ്ങള്‍ പടര്‍ത്തിക്കൊണ്ട് ലിയോ പതിനാലാമന്‍ പാപ്പായുടെ അപ്പസ്‌തോലിക സന്ദര്‍ശനം നവംബര്‍ മാസത്തില്‍ നടക്കും.
സന്ദര്‍ശനത്തിന്റെ ഭാഗമായി മാര്‍പ്പാപ്പ പുക്കാല്‍പ സന്ദര്‍ശിക്കുന്നത് മേഖലയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ അവകാശ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വലിയ കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു.
പെറുവില്‍ മിഷനറി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിഎന്നാ നിലയില്‍, പെറുവിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും ആമസോണ്‍ നേരിടുന്ന വെല്ലുവിളികളും പാപ്പായ്ക്ക് ഏറെ പരിചിതമാണ്. 'നമ്മുടെ വേദനകള്‍ എവിടെയാണെന്ന് പാപ്പായ്ക്ക് കൃത്യമായി അറിയാം,' എന്ന് മോണ്‍സിഞ്ഞോര്‍ ഡേവിഡ് മാര്‍ത്തിനെസ് പറഞ്ഞു.
ആമസോണ്‍ മേഖലയിലെ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും തദ്ദേശവാസികള്‍ നേരിടുന്ന വിവേചനവും സന്ദര്‍ശനവേളയില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. പാപ്പാടെ 'മാഞ്ഞീഫിക്ക ഉമാനിത്താസ് ' എന്ന ചാക്രികലേഖനത്തിലെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, പ്രകൃതി സംരക്ഷണത്തിനും മനുഷ്യാന്തസ്സിനുമായി പാപ്പാ ശബ്ദമുയര്‍ത്തുമെന്ന് സഭാനേതൃത്വം പ്രതീക്ഷിക്കുന്നു.
2018-ല്‍ ഫ്രാന്‍സിസ് പാപ്പാ പെറുവില്‍ നടത്തിയ സന്ദര്‍ശനത്തിന്റെയും തുടര്‍ന്നുണ്ടായ ആമസോണ്‍ സിനഡിന്റെയും തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനം കാണപ്പെടുന്നത്. സഭ ഒന്നിച്ച് സഞ്ചരിക്കുക അഥവാ സിനഡാലിറ്റി എന്ന ആശയത്തിന് ലിയോ പതിനാലാമന്‍ പാപ്പായും വലിയ പ്രാധാന്യം നല്‍കുന്നു. ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി രാഷ്ട്രീയ-സാമൂഹിക തലങ്ങളില്‍ ഈ സന്ദര്‍ശനം സ്വാധീനം ചെലുത്തുമെന്ന് സഭ വിശ്വസിക്കുന്നുവെന്നും, മെത്രാന്മാര്‍ പ്രതികരിച്ചു.