ലെയോ പതിനാലാമന്‍ പാപ്പയുടെ സന്ദര്‍ശനത്തിനൊരുങ്ങി ലൂര്‍ദ്: പ്രതീക്ഷിക്കുന്നത് ഒന്നര ലക്ഷത്തിലധികം തീര്‍ഥാടകരെ
ഫ്രാന്‍സിലെ പ്രശസ്തമായ ലൂര്‍ദ് മാതാവിന്റെ തീര്‍ഥാടന കേന്ദ്രം ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. മാര്‍പാപ്പയെ സ്വീകരിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തീര്‍ഥാടന കേന്ദ്രത്തിന്റെ ഭാരവാഹികള്‍ സ്ഥിരീകരിച്ചു. സന്ദര്‍ശന ദിവസത്തില്‍ ഒന്നര ലക്ഷത്തിലധികം വിശ്വാസികളും തീര്‍ഥാടകരും ലൂര്‍ദിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്രാന്‍സിലെ കത്തോലിക്കാ സഭയ്ക്കും ആഗോള മരിയന്‍ ഭക്തര്‍ക്കും ഏറെ ആവേശം പകരുന്നതാണ് പാപ്പയുടെ ഈ സന്ദര്‍ശനം. വന്‍ ജനക്കൂട്ടത്തെ പ്രതീക്ഷിക്കുന്നതിനാല്‍ ഫ്രഞ്ച് പൊലീസും സുരക്ഷാ സേനയും വത്തിക്കാന്‍ സെക്യൂരിറ്റിയുമായി ചേര്‍ന്ന് കര്‍ശനമായ സുരക്ഷാ വലയം തീര്‍ത്തിരിക്കുകയാണ് ഇവിടെ. ലൂര്‍ദിലെ പ്രധാന ആകര്‍ഷണമായ രോഗശാന്തി പ്രാര്‍ഥനകളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കാന്‍ എത്തുന്ന ആയിരക്കണക്കിന് രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക ആംബുലന്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍, യാത്രാ സംവിധാനങ്ങള്‍ എന്നിവ സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍തോതിലുള്ള തീര്‍ഥാടക പ്രവാഹം നിയന്ത്രിക്കാനും വഴികാട്ടാനുമായി ആയിരക്കണക്കിന് സന്നദ്ധ പ്രവര്‍ത്തകരെയാണ് ലൂര്‍ദില്‍ വിന്യസിച്ചിരിക്കുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ വിശുദ്ധീകരിക്കപ്പെട്ട ലൂര്‍ദിലെ പ്രശസ്തമായ ഗ്രോട്ടോ സന്ദര്‍ശിക്കുന്ന മാര്‍പാപ്പ, അവിടെ പ്രത്യേകം പ്രാര്‍ഥനകള്‍ നടത്തും. ലോകസമാധാനത്തിനും രോഗശാന്തിക്കുമായി മാര്‍പാപ്പ പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കും. ഫ്രാന്‍സിലെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെയും സഭാ മേലധ്യക്ഷന്മാരും വിശിഷ്ട വ്യക്തികളും ചടങ്ങുകളില്‍ പങ്കെടുക്കും. മാര്‍പാപ്പയുടെ സന്ദര്‍ശനം ലൂര്‍ദിലെ ആത്മീയ അന്തരീക്ഷത്തിന് പുതിയ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക സഭ.