ലിയോ 14-ാമന്‍ പാപ്പ കാമറൂണില്‍ നടത്തുന്ന സന്ദര്‍ശനത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി രാജ്യത്ത് പോരാട്ടം നടത്തിവരുന്ന വിഘടനവാദികള്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

 
Papa

യാവുണ്ടേ: സമാധാന ദൂതനായി ആഫ്രിക്കന്‍ മണ്ണിലെത്തിയ ലിയോ 14-ാമന്‍ പാപ്പ കാമറൂണില്‍ നടത്തുന്ന സന്ദര്‍ശനത്തോടനുബന്ധിച്ച് വര്‍ഷങ്ങളായി രാജ്യത്ത് പോരാട്ടം നടത്തിവരുന്ന വിഘടനവാദികള്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 

കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ആംഗ്ലോഫോണ്‍ വിഭാഗക്കാര്‍ കൂടുതലുള്ള വടക്കുപടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ദശാബ്ദക്കാലമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിനാണ് പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് താല്‍ക്കാലിക വിരാമം ഉണ്ടായിരിക്കുന്നത്. 

അംബാസോണിയ എന്ന പേരില്‍ പ്രത്യേക രാജ്യം ആവശ്യപ്പെട്ടാണ് വിഘടനവാദികള്‍ പോരാട്ടം നടത്തുന്നത്.

ഏപ്രില്‍ 15-ന് തലസ്ഥാനമായ യാവുണ്ടേയില്‍ എത്തിയ ലിയോ പതിനാലാമന്‍ പാപ്പക്ക്  ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിഘടനവാദികള്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ബമെന്‍ഡയില്‍ പാപ്പ ഇന്നെത്തുന്ന പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ ആശ്വാസമായി. പാപ്പയുടെ സന്ദര്‍ശന വേളയില്‍, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനപരമായ അന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടാണ് ‘യൂണിറ്റി അലയന്‍സ്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ വിഘടനവാദികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 

പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച വിഘടനവാദികളുടെ നടപടി ആയുധങ്ങള്‍ക്കപ്പുറം സ്‌നേഹവും നീതിയും കൊണ്ട് മാത്രമേ സമാധാനം കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന വലിയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്.

ഇന്ന് ബമെന്‍ഡയിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ നടക്കുന്ന ‘സമാധാന സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കും. 

ക്രൈസ്തവ സഭാനേതാക്കള്‍ക്ക് പുറമെ മറ്റ് മതവിശ്വാസികളും അക്രമത്തിന് ഇരകളായവരും പാപ്പയ്‌ക്കൊപ്പം വേദി പങ്കിടും. തുടര്‍ന്ന് ബമെന്‍ഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാപ്പ ദിവ്യബലി അര്‍പ്പിക്കും.

Tags

Share this story

From Around the Web