പ്രത്യാശയില്‍ നവീകരിക്കപ്പെടാന്‍ ഉക്രൈന്‍ ഗ്രീക്ക് കത്തോലിക്കാസഭയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍: അര്‍ത്ഥശൂന്യമായ യുദ്ധത്തിന്റെ ഇരകളായി തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഒരു ജനതയെ ആശ്വസിപ്പിക്കാനും, അവരോട് പ്രത്യാശയെക്കുറിച്ച് സംസാരിക്കാനും എളുപ്പമല്ല എന്നിരിക്കിലും, ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രത്യാശയില്‍ നവീകരിക്കപ്പെടാന്‍ പരിശ്രമിക്കണമെന്ന് ഉക്രൈന്‍ ഗ്രീക്ക് കത്തോലിക്കാസഭയോട് ലിയോ പതിനാലാമന്‍ പാപ്പാ.
പ്രത്യാശയെന്ന വിഷയത്തില്‍ കേന്ദ്രീകൃതമായ ജൂബിലിവര്‍ഷത്തില്‍ റോമിലെത്തിയ ഉക്രൈന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ സിനഡ് അംഗങ്ങള്‍ക്ക് വത്തിക്കാനില്‍ സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് ഫ്രാന്‍സിസ് പാപ്പായുടെ ഉദ്‌ബോധനങ്ങളെക്കൂടി പരാമര്‍ശിച്ചുകൊണ്ട് പ്രത്യാശയില്‍ മുന്നേറാന്‍ പാപ്പാ സഭാനേതൃത്വത്തെ ക്ഷണിച്ചത്.
ഹൃദയത്തിലും ശരീരത്തിലും മുറിവുകളേറ്റ അനേകം ജനങ്ങളെ നിങ്ങള്‍ അനുദിനം കണ്ടുകൊണ്ടിരിക്കുകയാണെന്നത് സത്യമാണെങ്കിലും ഇതേ ജനത്തിനിടയില്‍നിന്ന് നിരവധി ആളുകളുടെ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സാക്ഷ്യങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു.
നാശാവശിഷ്ടങ്ങള്‍ക്കിടയിലും മനുഷ്യര്‍ക്ക് സമീപസ്ഥനാകുന്ന ദൈവത്തിന്റെ ശക്തിയുടെ അടയാളമാണിതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ഉക്രൈനിലെ സഭ സഭാപരവും മാനവികവുമായ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് താന്‍ തിരിച്ചറിയുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ നിങ്ങളുടെ മുന്നില്‍ സഹായം തേടിയെത്തുന്ന മുറിവേറ്റവരും തളര്‍ന്നവരുമായ ഓരോ മനുഷ്യരിലൂടെയും ക്രിസ്തുവിനെ ശുശ്രൂഷിക്കാനാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ചു.
ഗ്രീക്ക് കത്തോലിക്കാസഭാനേതൃത്വത്തിനും സഭാംഗങ്ങള്‍ക്കും പാപ്പാ തന്റെ സാമീപ്യം ഉറപ്പുനല്‍കി. ഏക വിശ്വാസത്തിലും ഏക പ്രത്യാശയിലും ഒരുമയോടെ മുന്നോട്ടുപോകാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.
നമ്മുടെ ഈ ഐക്യം വലിയൊരു രഹസ്യമാണെന്നും ഈ ഭൂമിയില്‍നിന്ന് എടുക്കപ്പെട്ട് ദൈവത്താല്‍ സ്വീകരിക്കപ്പെട്ട സഹോദരീസഹോദരങ്ങളുമായുള്ള ഐക്യം കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഇതെന്നും പറഞ്ഞ പാപ്പാ, അവനിലാണ് എല്ലാത്തിന്റെയും പൂര്‍ണ്ണതയെന്ന് ഓര്‍മ്മിപ്പിച്ചു.
നമ്മുടെ സമാധാനമായ ക്രിസ്തുവെന്ന തന്റെ പുത്രനിലേക്ക് നമ്മെ നയിക്കുന്ന പരിശുദ്ധ അമ്മ നമുക്കൊപ്പമുണ്ടെന്ന ചിന്ത നമുക്ക് ആശ്വാസം പകരുന്നതാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, മാതാവിന്റെ മാതൃസഹജമായ മാദ്ധ്യസ്ഥ്യത്താല്‍ നിങ്ങളുടെ രാജ്യത്ത് എത്രയും വേഗം സമാധാനം തിരികെയെത്തട്ടെയെന്ന് ആശംസിച്ചു.