ലിയോ പതിനാലാമൻ പാപ്പായുടെ 'മാഞ്ഞിഫിക്ക ഉമാനിത്താസ്' ലോകത്തിന് ധാർമ്മികതയുടെ മാർഗ്ഗദർശിയാണ്: കർദ്ദിനാൾ പൂള

 
Cardinal poola

ലിയോ പതിനാലാമൻ മാർപാപ്പയുടെ പ്രഥമ ചാക്രിക ലേഖനമായ 'മാഞ്ഞിഫിക്ക ഉമാനിത്താസ്' (Magnifica Humanitas) നിർമ്മിത ബുദ്ധിയുടെ വെല്ലുവിളികളെ നേരിടുന്ന ആധുനിക ലോകത്തിന് ധാർമ്മികമായ ചട്ടക്കൂടും ദിശാബോധവും നൽകുന്ന മാർഗ്ഗദർശിയാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ (CBCI) അദ്ധ്യക്ഷൻ കർദ്ദിനാൾ ആന്റണി പൂള. മെയ് ഇരുപത്തിയേഴാം തീയതി മെത്രാൻസമിതി പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ചാക്രികലേഖനത്തെ സംബന്ധിച്ചുള്ള അധ്യക്ഷന്റെയും മെത്രാൻസമിതി അംഗങ്ങളുടെയും വിലയിരുത്തലുകളും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത്. നിർമ്മിതബുദ്ധിയുടെ അനന്തസാധ്യതകളെ ഏറ്റവും സജീവമായി വികസിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ മെത്രാൻസമിതി പാപ്പായുടെ ഈ ചാക്രികലേഖനത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.

നിർമ്മിതബുദ്ധിയുടെ സ്വാധീനം ദളിത് ജനവിഭാഗങ്ങൾക്കിടയിൽ ചരിത്രപരമായ വിവേചനം വർദ്ധിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് ഭാരതസഭയുടെ വലിയ ആശങ്കകളിലൊന്നാണെന്നും കർദ്ദിനാൾ പൂള പ്രസ്താവിച്ചു. അതേസമയം, ധാർമ്മികവും വികസനപരവുമായ മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിത ബുദ്ധി ഉപയോഗിക്കുകയാണെങ്കിൽ, എല്ലാവരെയും ഉൾക്കൊള്ളാനാകുമെന്നും മെത്രാൻസമിതി അധ്യക്ഷൻ ഓർമ്മപ്പെടുത്തി.

മെയ് 25-ന് വത്തിക്കാനിൽ പ്രകാശനം ചെയ്യപ്പെട്ട ഈ ചാക്രികലേഖനത്തെ സഭയുടെ സാമൂഹിക പ്രബോധനത്തിന് ലഭിച്ച വിലപ്പെട്ട സംഭാവനയായും, ലിയോ പതിമൂന്നാമൻ പാപ്പയുടെ “റേരും  നോവാരും” എന്ന ചരിത്രപ്രസിദ്ധമായ ചാക്രികലേഖനത്തിന്റെ തുടർച്ചയായും സഭാനേതൃത്വം വിശേഷിപ്പിച്ചു. തൊഴിലില്ലായ്മ, അസമത്വം, നിരീക്ഷണം, അധികാര കേന്ദ്രീകരണം എന്നിവ ലോകത്തിന് എങ്ങനെ വെല്ലുവിളി ഉയർത്തുന്നുവെന്ന് ഈ രേഖ പ്രത്യേകം ഊന്നിപ്പറയുന്നുവെന്നും,   ഈ വിഷയങ്ങളെക്കുറിച്ചുള്ള ചാക്രിക ലേഖനത്തിന്റെ ധാരണകളും, നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇവയെ എങ്ങനെ നേരിടാം എന്ന പഠനങ്ങളും ഏറെ വിലപ്പെട്ടതാണെന്നും മെത്രാൻസമിതി വിലയിരുത്തുന്നു.

'ദൈവീകഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ അന്തസ്സിലും നീതിയിലും പൊതുനന്മയിലും അധിഷ്ഠിതമായ ധാർമ്മിക തത്വങ്ങളാൽ സാങ്കേതികവികസനം നയിക്കപ്പെടണം' എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, മാഞ്ഞിഫിക്ക ഉമാനിത്താസിൽ പരിശുദ്ധ പിതാവ് നിർമ്മിത ബുദ്ധിയുടെ ലോകത്ത് ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ സമീപിക്കുന്നതിനുള്ള വ്യക്തമായ ഒരു കാഴ്ചപ്പാട് വാഗ്ദാനം ചെയ്യുന്നുവെന്ന് മെത്രാൻ സമിതിയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഭാരതസഭയിലാകമാനം  വിവിധ പരിശീലന പരിപാടികൾ, സാമൂഹിക-അപ്പസ്തോലിക സംരംഭങ്ങൾ എന്നിവയിലൂടെ ചാക്രികലേഖനത്തെ ആഴത്തിൽ മനസ്സിലാക്കാനും പ്രചരിപ്പിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത മെത്രാൻസമിതി പ്രകടിപ്പിച്ചു.

ഇന്ത്യയിൽ ജോലി, വിദ്യാഭ്യാസം, പൊതുസമൂഹം എന്നിവയിൽ നിർമ്മിതബുദ്ധിയുടെ വർദ്ധിച്ചുവരുന്ന വ്യാപനവും, അതിന്റെ പരിവർത്തനാത്മക സ്വാധീനവും കണക്കിലെടുക്കുമ്പോൾ, അജപാലകർ, അധ്യാപകർ, നയരൂപീകരണത്തിൽ നേതൃത്വം നൽകുന്നവർ, വിശ്വാസികൾ എന്നിവർക്ക് വഴികാട്ടിയായി ലിയോ പാപ്പായുടെ ഈ ചാക്രിക ലേഖനത്തെ മെത്രാൻസമിതി ശുപാർശ ചെയ്യുന്നു.

ഏകദേശം രണ്ടുകോടിയോളം വിശ്വാസികളുള്ള ഇന്ത്യയിലെ കത്തോലിക്കാ സഭ, നിർമ്മിതബുദ്ധിയെക്കുറിച്ച് വിദ്യാഭ്യാസം നൽകുന്നതിനും അവബോധം വളർത്തുന്നതിനും ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചാക്രികലേഖനം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതായി ഫിദെസ് ഏജൻസി റിപ്പോർട്ട്ചെയ്തിരുന്നു. ഈ ചാക്രികലേഖനത്തിന് ഇന്ത്യയിൽ ഏറെ മാധ്യമശ്രദ്ധ ലഭിച്ചിട്ടുണ്ടെന്നും നിർമ്മിത ബുദ്ധിയുടെ പ്രവർത്തനങ്ങളെ ശ്രദ്ധാപൂർവ്വം നിയന്ത്രിക്കാനുള്ള ചാക്രികലേഖനത്തിന്റെ ആഹ്വാനത്തെയും, മനുഷ്യരെയും പൊതുനന്മയെയും സംരക്ഷിക്കാനുള്ള ലിയോ പാപ്പായുടെ വീക്ഷണത്തെയും ഇന്ത്യയിലെ മാധ്യമങ്ങളും സ്വാഗതം ചെയ്തതായും ഫിദെസ് എഴുതിയിരുന്നു.

Tags

Share this story

From Around the Web