ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനത്തിന് ഏപ്രില്‍ 13-ന് തുടക്കമാകും

 
Leo papa

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനത്തിന് ഏപ്രില്‍ 13-ന് തുടക്കമാകും. 13 മുതല്‍ 23 വരെ നീണ്ടുനില്‍ക്കുന്ന ഈ അപ്പോസ്‌തോലിക യാത്രയില്‍ അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ നാല് ആഫ്രിക്കന്‍ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്.

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അള്‍ജീരിയയിലേക്കുള്ള സന്ദര്‍ശനത്തോടെയാണ് പാപ്പയുടെ ആഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പ ഈ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രം സന്ദര്‍ശിക്കുന്നത്. എന്നാല്‍ മതസംവാദത്തിനേക്കാള്‍ ഉപരിയായി മാനുഷിക കൂട്ടായ്മയ്ക്കായിരിക്കും പാപ്പ യാത്രയില്‍ പ്രാധാന്യം നല്‍കുന്നതെന്ന് അള്‍ജിയേഴ്‌സ് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജീന്‍ പോള്‍ വെസ്‌കോ പറഞ്ഞു. വംശീയവും മതപരവുമായ വേര്‍തിരിവുകള്‍ക്ക് അപ്പുറം മനുഷ്യര്‍ എന്ന നിലയിലുള്ള കൂട്ടായ്മയാണ് പാപ്പ ഉയിര്‍ത്തിപ്പിടിക്കുക എന്ന സന്ദേശമാണ് ഈ വാക്കുള്‍ നല്‍കുന്നത്.

താന്‍ അംഗവും മുമ്പ് തലവനുമായിരുന്ന അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ നാടാണ് അള്‍ജീരിയ എന്നതും പാപ്പയുടെ യാത്രയെ വേറിട്ടതാക്കുന്നു. വിശുദ്ധ അഗസ്റ്റിന്‍ ബിഷപ്പായിരുന്ന പുരാതന നഗരമായ ഹിപ്പോ (ഇന്നത്തെ അന്നബ) പാപ്പ സന്ദര്‍ശിക്കും. അള്‍ജീരിയയുടെ ചരിത്രത്തിന്റെ ഭാഗമായ അഗസ്റ്റിനെ ഒരു ക്രൈസ്തവ വിശുദ്ധനായി മാത്രമല്ല, ആ മണ്ണിന്റെ പുത്രനായാണ് അള്‍ജീരിയന്‍ ജനതയും കാണുന്നത്.

1996-ല്‍ ടിബ്ഹിറീന്‍ ആശ്രമത്തിലെ ഏഴ് ട്രാപ്പിസ്റ്റ് സന്യാസികള്‍ കൊല്ലപ്പെട്ടതിന്റെ മുറിപ്പാടുകള്‍ ഇന്നും പേറുന്നവരാണ് അള്‍ജീരിയന്‍ ക്രൈസ്തവര്‍. ഈ സംഭവത്തിന്റെ 30-ാം വാര്‍ഷികത്തിലാണ് പാപ്പയുടെ സന്ദര്‍ശനം. കൊല്ലപ്പെട്ട രണ്ട് സന്യാസിമാരുടെ വസതികള്‍ പാപ്പ സന്ദര്‍ശിക്കും. കര്‍ശനമായ മതനിയമങ്ങളും കാരിത്താസ് പോലുള്ള സന്നദ്ധ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാപ്പയുടെ സന്ദര്‍ശനം രാജ്യത്ത് ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വൈവിധ്യങ്ങളായ സംസ്‌കാരങ്ങളുള്ളതിനാല്‍ ‘മിനിയേച്ചര്‍ ആഫ്രിക്ക’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാമറൂണിലേക്കുള്ള യാത്രയും പ്രധാനപ്പെട്ടതാണ്.രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന ബമെന്‍ഡ പ്രദേശം സന്ദര്‍ശിക്കുന്ന പാപ്പ സമാധാന സംഗമത്തില്‍ പങ്കെടുക്കും. ദുവാലയിലെ ജപ്പോമ സ്റ്റേഡിയത്തില്‍ നടക്കുന്ന ദിവ്യബലിക്ക് പാപ്പ കാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 18-ന് അംഗോളയില്‍ എത്തുന്ന പാപ്പ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ‘മാമ മുക്സിമ’യില്‍ വിശ്വാസികളോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. രാജ്യത്തെ നഴ്സിംഗ് ഹോമുകളും പാപ്പ സന്ദര്‍ശിക്കും.സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ ഇക്വറ്റോറിയല്‍ ഗിനിയയിലെത്തുന്ന പാപ്പ നാഷണല്‍ സര്‍വകലാശാല കാമ്പസില്‍ ക്രമീകരിച്ചിരിക്കുന്ന കൂടിക്കാഴ്ചയില്‍ യുവാക്കളുമായും കലാകാരന്മാരുമായും സംവദിക്കും. ഏപ്രില്‍ 23-ന് മലാബോ സ്റ്റേഡിയത്തിലെ സമാപന ദിവ്യബലിക്ക് ശേഷമാവും പാപ്പയുടെ മടക്കം.

പതിവുള്ള സുരക്ഷാ ക്രമീകരണങ്ങളൊന്നും ഈ യാത്രയ്ക്കായി വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജനങ്ങളോട് ചേര്‍ന്നുനില്‍ക്കാനാണ് പാപ്പ ആഗ്രഹിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി പറഞ്ഞു. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും ഭാഷകളും വെല്ലുവിളികളും നിറഞ്ഞ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്കുള്ള യാത്ര, ആഫ്രിക്കന്‍ ജനതയോടുള്ള സഭയുടെ സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്.

Tags

Share this story

From Around the Web