ലിയോ പതിനാലാമൻ മാർപാപ്പയുടെ റോമിലെ ജീവിതം ഡോക്യുമെന്ററിയാകുന്നു; ‘ലിയോ ഇൻ റോം’ ജൂലൈ ഒന്നിന് റിലീസ് ചെയ്യും
വത്തിക്കാൻ സിറ്റി: മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുൻപ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് റോമിൽ ചിലവഴിച്ച നിർണായക വർഷങ്ങളെ ആസ്പദമാക്കി വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ പുതിയ ഡോക്യുമെന്ററി ഒരുക്കുന്നു. ‘ലിയോ ഇൻ റോം’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ജൂലൈ ഒന്നിന് പുറത്തിറങ്ങും.
മാർപാപ്പയുടെ മുൻകാല ജീവിതത്തെക്കുറിച്ച് വത്തിക്കാൻ ന്യൂസ് നേരത്തെ പുറത്തിറക്കിയ ‘ലിയോൺ ഡി പെറു’, ‘ലിയോ ഫ്രം ചിക്കാഗോ’ എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ഈ മൂന്നാമത്തെ ഡോക്യുമെന്ററി എത്തുന്നത്. പാപ്പയാകുന്നതിന് മുമ്പുള്ള റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന്റെ ഏകദേശം 20 വർഷത്തോളം ദൈർഘ്യമുള്ള റോമിലെ ജീവിതമാണ് ഈ സിനിമയിൽ ആവിഷ്കരിക്കുന്നത്. അദേഹത്തിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1981-ൽ ഉപരിപഠനത്തിനായി അമേരിക്കയിൽ നിന്ന് ഇറ്റലിയിലെത്തിയതു മുതൽ, അഗസ്തീനിയൻ സന്യാസ സമൂഹത്തിന്റെ സുപ്പീരിയറായും പിന്നീട് ബിഷപ്പുമാർക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രിഫെക്റ്റായും പ്രവർത്തിച്ച കാലയളവ് വരെയുള്ള അദ്ദേഹത്തിന്റെ റോമാ ജീവിതം ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നു. ജൂലൈ ഒന്നിന് വത്തിക്കാൻ ന്യൂസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഈ ഡോക്യുമെന്ററി ലഭ്യമാകും.