ലെയോ പതിനാലാമൻ മാർപാപ്പയുടെ ഇറ്റാലിയൻ പര്യടനം: യാത്രാപരിപാടികൾ പുറത്തുവിട്ട് വത്തിക്കാൻ
ലെയോ പതിനാലാമൻ മാർപാപ്പ ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ നടത്തുന്ന അജപാലന സന്ദർശനങ്ങളുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ പ്രസ്സ് ഓഫീസ്. ഇറ്റലിയുടെ വിമോചനദിനമായ ഏപ്രിൽ 25 നാണ് വരും മാസങ്ങളിലെ മാർപാപ്പയുടെ യാത്രാപരിപാടികൾ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. മെയ് മാസം മുതൽ ജൂലൈ വരെയുള്ള സന്ദർശനങ്ങളുടെ വിശദാംശങ്ങളാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷിക ദിനമായ മെയ് എട്ടിന് പോംപേയ്, നേപ്പിൾസ് എന്നിവിടങ്ങളിൽ നിന്നാണ് മാർപാപ്പ സന്ദർശന പരമ്പര ആരംഭിക്കുന്നത്. രാവിലെ പോംപേയിലെ പ്രശസ്തമായ മരിയൻ തീർഥാടനകേന്ദ്രത്തിൽ പാപ്പാ പ്രാർഥന നടത്തും. ഉച്ചയ്ക്കു ശേഷം നേപ്പിൾസിലെത്തുന്ന ലെയോ പാപ്പ അവിടത്തെ കത്തീഡ്രലിൽ വൈദികരെയും സന്ന്യസ്തരെയും അഭിസംബോധന ചെയ്യുകയും വി. ജെനാരോയുടെ തിരുശേഷിപ്പുകൾ വണങ്ങുകയും ചെയ്യും.
മെയ് മാസത്തിൽ തന്നെ റോമിലെ ലാ സാപ്പിയൻസ സർവകലാശാലയിലും പാപ്പ സന്ദർശനം നടത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി ഫ്രാൻസിസ് മാർപാപ്പ പുറത്തിറക്കിയ ‘ലൗദാത്തോ സി’ വിജ്ഞാപനത്തിന്റെ വാർഷികത്തോടനുബന്ധിച്ച് മെയ് 23 ന് അസെറ സന്ദർശിക്കുന്നതാണ് പ്രധാന പരിപാടികളിലൊന്ന്. മാലിന്യപ്രശ്നങ്ങളാലും ഉയർന്ന മരണനിരക്കിനാലും കഷ്ടപ്പെടുന്ന ഈ മേഖലയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഇതിലൂടെ പാപ്പ ലക്ഷ്യമിടുന്നത്.
അഗസ്റ്റീനിയൻ സഭയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയായ ലെയോ പതിനാലാമൻ, ജൂൺ 20 ന് വി. അഗസ്റ്റിന്റെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാവിയയിലെ സാൻ പിട്രോ ഇൻ സിയൽ ഡി ഓറോ ബസിലിക്ക സന്ദർശിക്കും. പാവിയ സന്ദർശനവേളയിൽ അർബുദ ചികിത്സാരംഗത്തെ പ്രമുഖ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ ഓങ്കോളജിക്കൽ ഹാഡ്രോൺതെറാപ്പിയിലെത്തി (CNAO) ചികിത്സയിൽ കഴിയുന്ന കുട്ടികളെയും കുടുംബാംഗങ്ങളെയും പരിശുദ്ധ പിതാവ് നേരിൽ കാണും.
ജൂലൈ നാലിന് ലംപെദൂസ ദ്വീപ് സന്ദർശിക്കുന്നതിലൂടെ കുടിയേറ്റക്കാരോടുള്ള തന്റെ കരുണയും കരുതലും മാർപാപ്പ പ്രകടിപ്പിക്കും. മുൻഗാമി ഫ്രാൻസിസ് മാർപാപ്പ തന്റെ ആദ്യ അജപാലന യാത്രയ്ക്കായി തിരഞ്ഞെടുത്തതും ഇതേ സ്ഥലമായിരുന്നു. ഓഗസ്റ്റ് മാസത്തിൽ അസീസി, റിമിനി എന്നിവിടങ്ങളിലും മാർപാപ്പ സന്ദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വിശദമായ സമയക്രമം വത്തിക്കാൻ പിന്നീട് അറിയിക്കും.