ലിയോ 14-ാമന്‍ പാപ്പയുടെ സഹോദരന് ലോകത്തോടുള്ള അഭ്യര്‍ത്ഥന
ലിയോ 14-ാമന്‍ മാര്‍പാപ്പ ശ്വാസകോശത്തിലെ അര്‍ബുദവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി റോമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അതേസമയത്തു തന്നെ, അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ലൂയിസ് പ്രെവോസ്റ്റും (75) അമേരിക്കയിലെ ഫ്‌ലോറിഡയിലെ ഒരു ആശുപത്രിയില്‍ രക്താര്‍ബുദത്തോട് മല്ലിടുകയായിരുന്നു. രണ്ടു ഭൂഖണ്ഡങ്ങളിലെ ആശുപത്രി കിടക്കകളില്‍ അര്‍ബുദത്തോട് പോരാടുകയായിരുന്ന ഈ സഹോദരങ്ങള്‍, പരസ്പരമുള്ള പ്രാര്‍ത്ഥനയിലൂടെ ആശ്വാസം കണ്ടെത്തി.
‘പാപ്പയുടെ രോഗസമയത്ത് ഞങ്ങള്‍ റോമില്‍ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, സാഹചര്യം ഞങ്ങളെ രണ്ടുപേരെയും അവരവരുടെ ആശുപത്രിമുറികളില്‍ തടവിലാക്കി,’ ലൂയിസ് പുഞ്ചിരിയോടെ പറഞ്ഞു. 2017- ലാണ് ലൂയിസിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അന്ന് ഡോക്ടര്‍മാര്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ വലിയ സാധ്യതയൊന്നും കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ 9 വര്‍ഷങ്ങള്‍ക്കിപ്പുറവും, അദ്ദേഹം ജീവിതത്തോടും രോഗത്തോടും പുഞ്ചിരിയോടെ പോരാടുന്നു! അതിന് പിന്നില്‍ പ്രാര്‍ത്ഥനയുടെ വലിയ സ്വാധീനമുണ്ടെന്ന് പാപ്പയുടെ സഹോദരന്‍ പറഞ്ഞു. അര്‍ബുദം ബാധിച്ച് മരണമടഞ്ഞ വിശുദ്ധ കാര്‍ലോ അക്യൂട്ടിസിന്റെയും അടുത്തിടെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ആര്‍ച്ചുബിഷപ് ഫുള്‍ട്ടണ്‍ ഷീനിന്റെയും മാധ്യസ്ഥത കാന്‍സറിനെതിരെയുള്ള പോരാട്ടത്തില്‍ ലൂയിസിന് തുണയായി.
മരണത്തോട് പോരാടുന്ന സാഹചര്യത്തിലും, ലോകത്തോട് ലൂയിസിന് ചോദിക്കാന്‍ ഒരേയൊരു കാര്യമേ ഉള്ളൂ: ‘നിങ്ങള്‍ ലിയോ മാര്‍പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. പാപ്പ എത്രയും വേഗം പൂര്‍ണ സൗഖ്യം പ്രാപിക്കണം. ഈ കാലഘട്ടത്തില്‍ തിരുസഭയ്ക്ക് ഏറ്റവും അനുയോജ്യനായ ഇടയനാണ് പാപ്പ എന്ന് ഞാന്‍ കരുതുന്നു!’ സ്വന്തം വേദനകളെക്കാള്‍ ഉപരി തിരുസഭയെയും സഹോദരന്റെ ദൗത്യത്തെയും ചേര്‍ത്തുപിടിക്കുന്ന ഈ മുന്‍ നേവി ഉദ്യോഗസ്ഥന്റെ അഭ്യര്‍ത്ഥന ലോകം ഏറ്റെടുത്തുകഴിഞ്ഞു.