രോഗികള്‍ക്ക് ക്രിസ്തുമസിന്റെ സ്‌നേഹമാശംസിച്ച് ലിയോ പതിനാലാമന്‍ പാപ്പാ
വത്തിക്കാന്‍: തന്നെ കാണാനെത്തിയ നൂറോളം രോഗികളെ വ്യക്തിപരമായി അഭിവാദ്യം ചെയ്തും അവരുമായി കുശലം പറഞ്ഞും ലിയോ പതിനാലാമന്‍ പാപ്പാ. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്ക് മുന്‍പായി, തന്നെ കാണാനെത്തിയ രോഗികള്‍ക്ക് പോള്‍ ആറാമന്‍ ശാലയില്‍ ഇടമൊരുക്കിയ പാപ്പാ, എല്ലാവരുമായും അല്പസമയം ചിലവഴിച്ചു.
ക്രിസ്തുമസ്, അവധിക്കാല ആശംസകള്‍ നേര്‍ന്ന പാപ്പാ, ഈ കാലത്തിന്റെ ആനന്ദം നിങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരിലും തുടരട്ടെയെന്ന് ആശംസിച്ചു. രോഗികളെവരെയും ദൈവകരങ്ങളില്‍ സമര്‍പ്പിച്ച പരിശുദ്ധ പിതാവ്, ദൈവത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന ഈ സ്‌നേഹം നിങ്ങളിലുണ്ടാകട്ടെയെന്ന ആശംസയും നേര്‍ന്നു.
സാധാരണയായി പാപ്പാമാരുടെ പൊതുകൂടിക്കാഴ്ചാവേളയില്‍ രോഗികള്‍ക്കായി വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഒരു പ്രത്യേക ഇടം ഒരുക്കുകയാണ് പതിവെങ്കിലും, ഇത്തവണ, പാപ്പായുടെ തന്നെ വാക്കുകളില്‍ ഒരല്പം കൂടുതല്‍ 'വ്യക്തിപരമായ കൂടിക്കാഴ്ച്ചയ്ക്കാണ്' അവസരമൊരുങ്ങിയത്.
വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ജനത്തിനിടയിലൂടെ നടന്നുനീങ്ങിയ പാപ്പാ ഓരോരുത്തര്‍ക്കും ഹസ്തദാനം നല്‍കുകയും അവരോട് സംസാരിക്കുകയും ചെയ്തു. ഡിസംബര്‍ മാസത്തെ തണുത്ത കാലാവസ്ഥ കൂടി പരിഗണിച്ചാണ്, ഇത്തരമൊരു മാറ്റമെന്ന് കൂടിക്കാഴ്ച്ചാമധ്യേ പാപ്പാ അവരോട് പറഞ്ഞു. പുറത്ത് മഴയില്ലെങ്കിലും, ഇവിടെ നിങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിരിക്കാന്‍ സാധിക്കുമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, പൊതുകൂടിക്കാഴ്ചയില്‍, പോള്‍ ആറാമന്‍ ശാലയിലെ വലിയ സ്‌ക്രീനിലൂടെ പങ്കെടുക്കാമെന്നും, എന്നാല്‍ ആവശ്യമെങ്കില്‍ ചത്വരത്തിലേക്ക് നിങ്ങള്‍ക്ക് വരാമെന്നും രോഗികളോട് പറഞ്ഞു.
പോള്‍ ആറാമന്‍ ശാലയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ പിതാവ് തുറന്ന വാഹനത്തില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്കെത്തുകയും, പതിവില്‍നിന്ന് ഒരല്പം താമസിച്ച് പത്ത് അഞ്ചോടെ പൊതുകൂടിക്കാഴ്ച ആരംഭിക്കുകയും ചെയ്തു.