എപ്പിഫനി ദിനത്തില്‍ ജൂബിലി വര്‍ഷാവസാനച്ചടങ്ങുകള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പാ മുഖ്യ കാര്‍മ്മികത്വം വഹിക്കും
വത്തിക്കാന്‍: ജൂബിലി വര്‍ഷാവസാനച്ചടങ്ങുകളും എപ്പിഫനി തിരുനാള്‍ ആഘോഷവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങള്‍ക്കായുള്ള വിഭാഗം പുറത്തുവിട്ടു.
ഇതനുസരിച്ച് 2026 ജനുവരി ആറാം തീയതി ചൊവ്വാഴ്ച രാവിലെ 9.30-നായിരിക്കും ചടങ്ങുകള്‍ നടക്കുക. വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ നടക്കുന്ന ഇരു ചടങ്ങുകളിലും പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
എപ്പിഫനി എന്ന പ്രത്യക്ഷീകരണത്തിരുനാളിന്റെ ഭാഗമായ വിശുദ്ധ ബലിയര്‍പ്പണത്തിന്റെ ആരംഭത്തിലായിരിക്കും വിശുദ്ധ വാതില്‍ അടയ്ക്കുന്ന ചടങ്ങ് നടക്കുക. ''ഒരു തിരിനാളം പോലെ എന്റെ പ്രതീക്ഷ എരിയുന്നു, എന്റെ ഗാനം അങ്ങിലേക്കുയരട്ടെ'' എന്ന് തുടങ്ങുന്ന, ജൂബിലിയുടെ ഔദ്യോഗിക ഗാനം ലത്തീന്‍ ഭാഷയില്‍ ആലപിച്ചുകൊണ്ടാകും ചടങ്ങുകള്‍ ആരംഭിക്കുക.
തുടര്‍ന്ന് നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പരിശുദ്ധ പിതാവ് വിശുദ്ധ വാതിലിനരികില്‍ മുട്ടുകുത്തുകയും, നിശബ്ദമായ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഈ വാതില്‍ അടയ്ക്കുകയും ചെയ്യും.
വിശുദ്ധ വാതില്‍ അടച്ചുകഴിഞ്ഞ് പരിശുദ്ധ പിതാവും മറ്റുള്ളവരും ബസലിക്കയിലെ പ്രധാന അള്‍ത്താരയിലേക്ക് പോവുകയും വിശുദ്ധ ബലിയര്‍പ്പണം തുടരുകയും ചെയ്യും.
വിശുദ്ധ വാതില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ 1975-ലെ ജൂബിലിക്കായി തയ്യാറാക്കിയ ക്രമത്തിന്റെ 2000-ല്‍ ലഘൂകരിച്ച രൂപമനുസരിച്ചായിരിക്കും നടക്കുക.
ഇതനുസരിച്ച്, പരസ്യമായി വിശുദ്ധ വാതില്‍ ഭിത്തി കെട്ടി അടയ്ക്കുന്ന ചടങ്ങുകള്‍ ഇത്തവണയും ഉണ്ടാകില്ല. വിശുദ്ധ വാതില്‍ അടച്ചുകഴിഞ്ഞ് പത്തോളം ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ഇത് നടക്കുക.
വാതിലിന് പിന്നിലെ ഭിത്തിയുടെ നിര്‍മ്മാണം നടത്തുക 'സാന്‍ പിയെത്രീനി' എന്ന പേരില്‍ വിളിക്കപ്പെടുന്ന, ബസലിക്കയിലെ പ്രവര്‍ത്തകരായിരിക്കും.
ഈ ഭിത്തിക്കുള്ളില്‍, ജൂബിലി വാതില്‍ അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ജൂബിലി വര്‍ഷത്തില്‍ തയ്യാറാക്കിയ നാണയങ്ങള്‍, വിശുദ്ധ വാതിലിന്റെ താക്കോല്‍ എന്നിവയടങ്ങുന്ന ലോഹപേടകവും അടക്കം ചെയ്യും.
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള (60, 16) ഒന്നാം വായന ഇംഗ്ലീഷിലും, എഫേസോസുകര്‍ക്കുള്ള ലേഖനത്തില്‍നിന്നുള്ള (3, 23മ. 56) രണ്ടാം വായന സ്പാനിഷ് ഭാഷയിലും, പൂജരാജാക്കന്മാരുടെ വരവിനെക്കുറിച്ച് മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ള (2, 12) വായന ലത്തീന്‍ ഭാഷയിലും വായിക്കപ്പെടും.
ഇതേത്തുടര്‍ന്ന് പെസഹയുമായി ബന്ധപ്പെട്ട തീയതികള്‍ അറിയിക്കപ്പെടും. അതിന് ശേഷമായിരിക്കും പരിശുദ്ധ പിതാവ് സുവിശേഷപ്രസംഗം നടത്തുക.
പ്രസംഗത്തിന് ശേഷമുള്ള 'വിശ്വാസികളുടെ പ്രാര്‍ത്ഥനകളില്‍, പരിശുദ്ധ പിതാവിനുവേണ്ടിയുള്ള പ്രാര്‍ത്ഥന അറബ് ഭാഷയിലും, ജ്ഞാനസ്‌നാനം സ്വീകരിച്ച ഏവര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന ഫ്രഞ്ച് ഭാഷയിലും, ഭരണനേതൃത്വം വഹിക്കുന്നവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന സ്വാഹിലി എന്ന ആഫ്രിക്കന്‍ ഭാഷയിലും, ശാസ്ത്രവിഷയങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന പോര്‍ച്ചുഗീസ് ഭാഷയിലും, വിശുദ്ധബലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടിയുളള പ്രാര്‍ത്ഥന കൊറിയന്‍ ഭാഷയിലും വായിക്കപ്പെടും.