അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി ചരിത്രം കുറിച്ച ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് ജന്മനാടിന്റെ ആദരം

ചിക്കാഗോ : അമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി ചരിത്രം കുറിച്ച ലിയോ പതിനാലാമന്‍ പാപ്പയെ ആദരിക്കാനായി ആയിരക്കണക്കിന് ആളുകളാണ് റേറ്റ് ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുമിച്ചു ചേര്‍ന്നത്. ചിക്കാഗോ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ വന്‍ ജനാവലി പങ്കെടുത്ത കൃതജ്ഞതാബലിയോടെ സമാപിച്ചു. യുവജനങ്ങളുടെ സജീവ സാന്നിധ്യം ആഘോഷത്തിന് മാറ്റു കൂട്ടി.
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൃതജ്ഞതാ ദിവ്യപൂജയ്ക്ക് കര്‍ദ്ദിനാള്‍ ബ്ലേസ് കുപിച്ചിനൊപ്പം സഹായ മെത്രാന്മാരും നിരവധി വൈദികരും സഹകാര്‍മികരായി. അതിരൂപതയിലുടനീളമുള്ള അല്‍മായ വിശ്വാസികള്‍ ഒത്തുചേര്‍ന്ന ആഘോഷം പാപ്പയ്ക്ക് ജന്മനാടിന്റെ സ്നേഹ സമ്മാനമായി.
ചിക്കാഗോയുടെ സ്നേഹത്തിന് പാപ്പ തന്റെ വീഡിയോ സന്ദേശത്തിലൂടെ നന്ദിയര്‍പ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത യുവ ജനങ്ങളെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. ഭിന്നതകളും നിരാശകളും നിറഞ്ഞ ലോകത്തില്‍ 'പ്രതീക്ഷയുടെ ദൂതന്മാരായി' മാറാന്‍ യുവാക്കളോട് പാപ്പ ആഹ്വാനം ചെയ്തു.