ലെയോ പതിനാലാമൻ പാപ്പയ്ക്ക് ലിബർട്ടി മെഡൽ സമ്മാനിച്ചു

 
0000000

ലോകമെമ്പാടും മതസ്വാതന്ത്ര്യം, മനസ്സാക്ഷി സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ട് യു.എസ്. നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്റർ നൽകുന്ന ലിബർട്ടി മെഡൽ സ്വീകരിച്ച് ലെയോ പതിനാലാമൻ പാപ്പ. ‘ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ’ റോമിൽ ഇരുന്ന് ഫിലാഡൽഫിയയിൽ ഒത്തുകൂടിയവരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പ പറഞ്ഞു.

അമേരിക്കയുടെ സ്ഥാപനത്തിന്റെ 250-ാം വാർഷികം, രാജ്യം കെട്ടിപ്പടുത്തിരിക്കുന്ന അടിസ്ഥാനപരമായ ആദർശങ്ങളോട്, പ്രത്യേകിച്ച് ജീവനോടും സ്വാതന്ത്ര്യത്തോടും ഉള്ള പുനരർപ്പണത്തിനുള്ള അവസരമായി മാറട്ടെ എന്ന് പാപ്പ പ്രാർഥിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നടന്ന ഒരു സ്വകാര്യ കൂടിക്കാഴ്ചയിൽ, നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തി മാർപ്പാപ്പയ്ക്ക് 2026-ലെ ലിബർട്ടി മെഡൽ സമർപ്പിച്ചിരുന്നു. ലോകമെമ്പാടും മതസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിൽ പാപ്പ നടത്തുന്ന പ്രവർത്തനങ്ങളെ ആദരിക്കാനായിരുന്നു ഇത്. യു.എസ്. ഭരണഘടനയുടെ ഒന്നാം ഭേദഗതിയിലൂടെ അമേരിക്കയുടെ സ്ഥാപകർ മുന്നോട്ടുവെച്ച പ്രധാന ആശയങ്ങളാണിവ.

മൂന്ന് മാസങ്ങൾക്ക് ശേഷം, അമേരിക്കയുടെ സ്ഥാപനത്തിന്റെ 250-ാം വാർഷികത്തിന്റെ തലേദിവസം, മാർപ്പാപ്പ ലിയോ പതിനാലാമൻ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിന്റെ 38-ാമത് ലിബർട്ടി മെഡൽ ഔദ്യോഗികമായി സ്വീകരിച്ചു. രാജ്യത്തിന്റെ സ്ഥാപന മൂല്യങ്ങളെക്കുറിച്ചും ഇന്നത്തെ കാലഘട്ടത്തിൽ അവയ്ക്കുള്ള പങ്കിനെക്കുറിച്ചും ഈ അവാർഡ് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചും പാപ്പ പ്രസംഗത്തിൽവെളിപ്പെടുത്തി.

“സ്വാതന്ത്ര്യത്തെക്കുറിച്ചും തങ്ങൾക്കും തങ്ങളുടെ മക്കൾക്കും മികച്ചൊരു ജീവിതത്തെക്കുറിച്ചും സ്വപ്നം കണ്ട ധീരരായ സ്ത്രീപുരുഷന്മാർ സ്ഥാപിച്ച ഈ മഹത്തായ രാജ്യത്തിന്റെ ഒരു മകൻ എന്ന നിലയിൽ, അമേരിക്കയുടെ ഭാവിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ നിങ്ങളോടൊപ്പം പ്രാർത്ഥിക്കുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ തുടക്കത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഉന്നതമായ ആദർശങ്ങൾ, ഐക്യത്തിലും നീതിയിലും സമാധാനത്തിലും ഈ രാഷ്ട്രത്തിന്റെ വളർച്ചയ്ക്ക് തുടർന്നും വഴികാട്ടിയാകട്ടെ.” ലിബർട്ടി മെഡൽ സ്വീകരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സ്വാതന്ദ്ര്യം ഉറപ്പാക്കാൻ പോരാടുന്ന ധീരരും ദൃഢനിശ്ചയവുമുള്ള വ്യക്തികളെയാണ് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്റർ വർഷം തോറും ലിബർട്ടി മെഡൽ നൽകി ആദരിക്കുന്നത്.

Tags

Share this story

From Around the Web