വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രം സന്ദർശിച്ച് ലിയോ പതിനാലാമൻ പാപ്പാ

 
Leo

വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രം രണ്ടാം തവണ സന്ദർശിച്ച് ലിയോ പതിനാലാമൻ പാപ്പാ. കഴിഞ്ഞ വർഷം ജൂലൈ 20 ഞായറാഴ്ച കസ്തേൽ ഗണ്ടോൾഫോയിൽ ത്രികാലജപപ്രാർത്ഥന നയിച്ച ശേഷം വാനനിരീക്ഷണ കേന്ദ്രം സന്ദർശിച്ച പരിശുദ്ധ പിതാവ്, മെയ് 19 ചൊവ്വാഴ്ചയാണ് ഇവിടം സന്ദർശിക്കാൻ വീണ്ടുമെത്തിയത്. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപത്തിയാറാം വാർഷികദിനത്തിലായിരുന്നു പാപ്പായുടെ ആദ്യ സന്ദർശനം.

വാനനിരീക്ഷണകേന്ദ്രത്തിലെത്തിയ പാപ്പായെ, വത്തിക്കാൻ രാജ്യത്തിൻറെ ഗവർണറേറ്റിലെ പ്രസിഡന്റ് സി. റഫായേല പെത്രീനിയും, ജനറൽ സെക്രെട്ടറിമാരായ ആർച്ച്ബിഷപ് എമിലിയോ നാപ്പയും അഡ്വക്കേറ്റ് ജ്യുസേപ്പെ പുളീസി അലിബ്രാന്തിയും ചേർന്ന് സ്വീകരിച്ചു.

പാപ്പായുടെ സന്ദർശനാവസരത്തിൽ, വാനനിരീക്ഷണകേന്ദ്രം ഡയറക്ടർ റിച്ചാർഡ് ആന്റണി ഡിസൂസ എന്ന ഈശോസഭാവൈദികനും, അദ്ദേഹത്തിന്റെ മുൻഗാമിയും നിലവിലെ വത്തിക്കാൻ വാനനിരീക്ഷണകേന്ദ്രം ഫൗണ്ടേഷൻ പ്രസിഡന്റുമായ ഗുയ് കൊൺസോൾമാഞ്ഞോ എന്നിവരും സന്നിഹിതരായിരുന്നു.

വാനനിരീക്ഷണസമുച്ചയത്തിലുള്ള ചാപ്പലിൽ അല്പസമയം പ്രാർത്ഥനയിൽ ചിലവഴിച്ച പരിശുദ്ധ പിതാവ്, കേന്ദ്രത്തിൽ ഉണ്ടായിരുന്ന സമർപ്പിതരെയും ശാസ്ത്രജ്ഞരെയും മറ്റു വ്യക്തികളെയും അഭിവാദ്യം ചെയ്തു. റോം നഗരത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് 25 കിലോമീറ്ററുകളോളം അകലെയാണ് ഈ കേന്ദ്രം.

പതിവുപോലെ തന്റെ വേനൽക്കാലവസതിയിൽ വിശ്രമത്തിനെത്തിയ അവസരത്തിലാണ്, വത്തിക്കാന്റെ വാനനിരീക്ഷണകേന്ദ്രത്തിൽ പാപ്പാ സന്ദർശനം നടത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും പുരാതന വാനനിരീക്ഷണകേന്ദ്രങ്ങളിൽ ഒന്നാണ് വത്തിക്കാന്റേത്.

Tags

Share this story

From Around the Web