യുവജനങ്ങള്‍ മടിയന്മാരാകരുത്: ആഹ്വാനവുമായി ലെയോ പതിനാലാമന്‍ പാപ്പ
യുവജനങ്ങള്‍ 'കൗച്ച് പൊട്ടറ്റോ'കളെപ്പോലെ മടിയന്മാരായി ജീവിതം പാഴാക്കരുതെന്നും സഭയ്ക്ക് അവരുടെ മിഷനറി ഊര്‍ജവും പരിശുദ്ധമായ പ്രതിരോധവും ആവശ്യമുണ്ടെന്നും ലെയോ പതിനാലാമന്‍ മാര്‍പാപ്പ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ യുവജന സംഗമങ്ങളെ അഭിസംബോധന ചെയ്തു നല്‍കിയ വീഡിയോ സന്ദേശങ്ങളിലാണ് മാര്‍പാപ്പ ഇക്കാര്യം ആഹ്വാനം ചെയ്തത്.
2016 ല്‍ ക്രാക്കോവില്‍ നടന്ന ലോക യുവജനദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ അതേകാര്യം തന്നെ ലെയോ പാപ്പയും ആവര്‍ത്തിച്ചു - 'പഴയപടി തന്നെ കാര്യങ്ങള്‍ തുടരട്ടെ' എന്ന മനോഭാവം വെടിഞ്ഞ് സജീവമായി രംഗത്തിറങ്ങാന്‍ ലെയോ പാപ്പ യുവജനങ്ങളോട് ആവശ്യപ്പെട്ടു.
സ്‌കൂളുകളിലും സര്‍വകലാശാലകളിലും തെരുവുകളിലും മിഷനറിമാരാകാന്‍ പെറുവിലെ യുവജനങ്ങളോട് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളെ പ്രതീക്ഷയുടെ ഇടങ്ങളാക്കി മാറ്റാന്‍ ചെറുപ്പക്കാരുടെ ഊര്‍ജ്ജത്തിന് സാധിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ബ്രസീല്‍, ഫോര്‍ട്ടലെസയിലെ ഹാല്ലെലൂയാ ഫെസ്റ്റിവലിലേക്ക് അയച്ച സന്ദേശത്തില്‍, വിശുദ്ധ കാര്‍ലോ അക്കുത്തിസിന്റെ മാതൃക ചൂണ്ടിക്കാട്ടി, സുവിശേഷ പ്രചാരണത്തിനായുള്ള താല്പര്യം കൈവിടാതിരിക്കാന്‍ പാപ്പ ഓര്‍മ്മിപ്പിച്ചു. കൂടാതെ, മനസ്സിലെ ചോദ്യങ്ങളെയും അസ്വസ്ഥതകളെയും ദൈവവുമായുള്ള സംഭാഷണത്തിലൂടെ സ്വന്തം ദൈവവിളി തിരിച്ചറിയാനായി വിനിയോഗിക്കാന്‍ പോര്‍ച്ചുഗലിലെ യുവതലമുറയോടും പാപ്പ ആഹ്വാനം ചെയ്തു.
മറ്റുള്ളവരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സന്തോഷത്തോടെ സേവിക്കുന്നതിലൂടെയാണ് യേശുവിന്റെ യഥാര്‍ഥ മുഖം ദര്‍ശിക്കാന്‍ സാധിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചത്.