മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ തൊഴിലാളിസംഘടനകള്‍ പരിശ്രമിക്കണം: ലിയോ പതിനാലാമന്‍ പാപ്പാ

പൊതുസമൂഹത്തിന്റെ നന്മയ്ക്കായും, തൊഴിലാളികളുടെ ക്ഷേമത്തിനായും തൊഴിലാളിസംഘടനകള്‍ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ചും, ഏവരുടെയും മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇത്തരം സംഘടനകള്‍ക്കുള്ള ഉത്തരവാദിത്വം എടുത്തുപറഞ്ഞും ലിയോ പതിനാലാമന്‍ പാപ്പാ.
പ്രത്യാശയുടെ ജൂബിലിയുടെ വര്‍ഷത്തില്‍ റോമിലെത്തിയ ചിക്കാഗോയില്‍നിന്നുള്ള തൊഴില്‍ സംഘടനാ നേതൃത്വങ്ങളുടെ പ്രതിനിധിസംഘത്തിന് ഒക്ടോബര്‍ 8 വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ സ്വകാര്യകൂടിക്കാഴ്ച്ച അനുവദിച്ച വേളയിലാണ് തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടാകേണ്ട മൂല്യങ്ങളെക്കുറിച്ച് പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചത്.
തൊഴില്‍ മേഖലയിലുള്‍പ്പെടെയുള്ള മേഖലകളില്‍ ന്യൂനപക്ഷങ്ങളെയും കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും ഉള്‍പ്പെടുത്തുന്നതില്‍ തൊഴിലാളിസംഘടനകള്‍ ചെയ്യുന്ന സേവനങ്ങളെ അഭിനന്ദിച്ച പാപ്പാ, പാവപ്പെട്ടവര്‍ക്കും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ഈ സംഘടനകള്‍ നല്‍കുന്ന സേവനങ്ങളും പിന്തുണയും പ്രത്യേകം അനുസ്മരിച്ചു.
സമൂഹത്തില്‍ കൂടുതല്‍ ദുര്‍ബലരായവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രധാന്യവും പാപ്പാ എടുത്തുപറഞ്ഞു.
പരിസ്ഥിതിപരിപാലനവുമായി ബന്ധപ്പെട്ട് പുനരുപയോഗപ്രദമായ ഊര്‍ജ്ജം വികസിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനുവേണ്ടി ഈ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തങ്ങളെ അഭിനന്ദിച്ച പാപ്പാ, അവ ഇന്നത്തെ സമയത്തിന്റെ ആവശ്യം കൂടിയാണെന്ന് ഓര്‍മ്മിപ്പിച്ചു.
ഒരാഴ്ചയോളം നീളുന്ന തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഈ സംഘടനകള്‍, തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച വിചിന്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ, ഈ സമയം നിങ്ങളുടെ മനസ്സുകള്‍ക്കും ഹൃദയത്തിനും ഉപകാരപ്രദമാകട്ടെയെന്ന് ആശംസിച്ചു.