ക്രിസ്തുമസിനായി ഒരുങ്ങാനും ക്രൈസ്തവപരമ്പര്യം കാത്തുസൂക്ഷിക്കാനും ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പാ

 
CMS POOLKOODU


വത്തിക്കാന്‍സിറ്റി: ജീവിതത്തിന്റെ നിരവധിയായ തിരക്കുകള്‍ക്കിടയിലും അടുത്തെത്തിയിരിക്കുന്ന ക്രിസ്തുമസിനായി ശ്രദ്ധയോടും പ്രാര്‍ത്ഥനയോടും കൂടെ ഒരുങ്ങാനും ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും കലയുടെയും ഭാഗമായ ക്രിസ്തുമസ് പുല്‍ക്കൂട് പോലെയുള്ള അടയാളങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ. 


ക്രിസ്തുമസിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ മുന്നോട്ടുവച്ചത്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ക്രിസ്തുമസാകുമെന്നും, നിങ്ങളുടെ വീടുകളില്‍ ക്രിസ്തുവിന്റെ ജനനത്തിന്റെ രഹസ്യത്തെ അനുസ്മരിപ്പിക്കുന്ന പുല്‍ക്കൂടുകള്‍ ഒരുങ്ങിയിട്ടുണ്ടാകുമെന്നും പറഞ്ഞ പാപ്പാ, നമ്മുടെ വിശ്വാസത്തിന്റെ മാത്രമല്ല, ക്രൈസ്തവസംസ്‌കാരത്തിന്റെയും കലയുടെയും ഭാഗമായ ഇത്തരമൊരു പ്രധാനപ്പെട്ട ഘടകം നഷ്ടപ്പെടാതെ തുടരട്ടെയെന്ന് ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്യവേ ആശംസിച്ചു. 

യേശു നമുക്കിയിടയില്‍ വസിക്കാനായി മനുഷ്യനായി പിറന്നു എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് പുല്‍ക്കൂടെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ക്രിസ്തുമസ് അടുത്തെത്തിയിരിക്കുന്ന ഇക്കാലത്ത് വിവിധ ആഘോഷങ്ങള്‍ക്കായി തിരക്കിട്ട് ഒരുങ്ങുന്നതിനിടയില്‍, ഈ ആഘോഷങ്ങള്‍ ഉപരിപ്ലവമായി ജീവിച്ച് വീണ്ടും നിരാശയിലേക്ക് തിരികെപ്പോകാന്‍ നമ്മെത്തന്നെ അനുവദിക്കരുതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ക്രിസ്തുവിന്റെ വരവിനായി നമ്മുടെ ഹൃദയത്തെ ഒരുക്കാമെന്നും, ശ്രദ്ധയോടെ കാത്തിരിക്കാമെന്നും ആഹ്വാനം ചെയ്തു. 


ഇത്തരമൊരു കാത്തിരിപ്പിലൂടെ അവന്റെ സ്‌നേഹസാന്നിദ്ധ്യം നമ്മുടെ ജീവിതത്തിന്റെയും ഹൃദയത്തിന്റെയും നിധിയായി മാറുമെന്നും ഫ്രഞ്ച് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യവേ പരിശുദ്ധ പിതാവ് ഓര്‍മ്മിപ്പിച്ചു.


 

Tags

Share this story

From Around the Web