പ്രത്യാശ പകര്‍ന്നുകൊണ്ട് ജീവിക്കാന്‍ പൗളിന്‍ സന്ന്യാസിനീസഭാംഗങ്ങളോട് ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:മനുഷ്യരുടെ ഇടയിലായിരുന്നുകൊണ്ട് അവരുടെ ആവശ്യങ്ങളും സാമൂഹികയാഥാര്‍ത്ഥ്യങ്ങളും തിരിച്ചറിഞ്ഞും, പരിശുദ്ധാത്മാവ് കാണിച്ചുതരുന്ന മാര്‍ഗ്ഗത്തില്‍ നടന്നും പ്രത്യാശ പകര്‍ന്നും മുന്നോട്ട് പോകാന്‍ പൗളിന്‍ സന്ന്യാസിനീസഭാംഗങ്ങളോട് (ഡോട്ടേഴ്‌സ് ഓഫ് സെന്റ് പോള്‍) ലിയോ പതിനാലാമന്‍ പാപ്പാ.
തങ്ങളുടെ സന്ന്യസ്തസഭയുടെ നൂറ്റിപ്പത്താം സ്ഥാപനവര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാമത് ജനറല്‍ ചാപ്റ്ററിനായി ഈ സന്ന്യാസിനീസഭാനേതൃത്വം ഒരുമിച്ച് കൂടിയ അവസരത്തില്‍ ഒക്ടോബര്‍ 2 വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ അവര്‍ക്ക് സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചപ്പോഴാണ് ഇങ്ങനെയൊരു ആഹ്വാനം പാപ്പാ നല്‍കിയത്.
വടക്കന്‍ ഇറ്റലിയിലെ ആല്‍ബയില്‍ വാഴ്ത്തപ്പെട്ട ജ്യാക്കൊമോ അല്‍ബെറിയോണെയുടെയും വന്ദ്യയായ സി. തെക്ല മേര്‍ലോയുടെയും കീഴില്‍ വളര്‍ന്ന്, അഞ്ച് ഭൂഖണ്ഡങ്ങളിലായി സേവനമനുഷ്ഠിക്കുന്ന പൗളിന്‍ സന്ന്യാസിനീസമൂഹം വിവിധ പ്രസിദ്ധീകരണങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും തിരുവചനം പരത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പാപ്പാ നന്ദി പറഞ്ഞു.
ഉപരിപ്ലവമോ, അമൂര്‍ത്തമോ ആയ രീതിയിലല്ല, മാനവികതയുടെ പ്രതിസന്ധികളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളിലൂടെ ക്രിയാത്മകമായി സുവിശേഷമറിയിക്കാനുള്ള നിയോഗമാണ് നിങ്ങള്‍ക്കുള്ളതെന്ന് പാപ്പാ സമൂഹാംഗങ്ങളോട് പറഞ്ഞു.
ഈയൊരു നിയോഗം, പരിശുദ്ധാത്മാവിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും, യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞും സ്വര്‍ഗ്ഗോന്മുഖരായി ജീവിച്ചും വേണം നിറവേറ്റേണ്ടതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, സമൂഹത്തില്‍ പ്രത്യാശ പകരാനുള്ള ചുമതലയെക്കുറിച്ചും സമൂഹാംഗങ്ങളെ അനുസ്മരിപ്പിച്ചു.
സമൂഹജീവിതവും തങ്ങളുടെ സമര്‍പ്പിതനിയോഗവും ഒരുമിച്ച് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, സാമൂഹിക, സഭാ തലങ്ങളില്‍ നിലനില്‍ക്കുന്ന ശീതാവസ്ഥയുടെ മുന്നില്‍ വിശുദ്ധ പൗലോസിന്റെ തീക്ഷണതയോടെ സുവിശേഷത്തിന്റെ ആനന്ദം ഏവര്‍ക്കും പ്രത്യേകിച്ച് കൂടുതല്‍ ദുര്‍ബലരായ മനുഷ്യര്‍ക്ക് പകരാന്‍ സമൂഹാംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു.
1915-ലാണ് പൗളിന്‍ സന്ന്യസ്തസഭ സ്ഥാപിക്കപ്പെട്ടത്. സെപ്റ്റംബര്‍ ഏഴിന് റോമിന് അടുത്തുള്ള അറീച്യയില്‍ ആരംഭിച്ച ജനറല്‍ ചാപ്റ്ററിന്റെ അവസാനം ഒക്ടോബര്‍ ഒന്നാം തീയതി കൊറിയയില്‍നിന്നുള്ള സി. മരീ ലൂസിയ കിം പുതിയ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.