കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ പാപ്പായ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

 
Trumph
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ലിയോ പതിനാലാമൻ പാപ്പായ്ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർപ്പാപ്പ "കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നയാളാണെന്നും വിദേശനയത്തിന്റെ കാര്യത്തിൽ തികഞ്ഞ പരാജയമാണെന്നും" ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി ആരോപിച്ചു. ഇറാനെതിരായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക നീക്കങ്ങളെ മാർപ്പാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ലോകസമാധാനത്തിനായുള്ള മാർപ്പാപ്പയുടെ ആഹ്വാനങ്ങൾ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ട്രംപ് വാദിക്കുന്നു. അതേസമയം ഇറാൻ ആണവായുധം കൈവശം വെക്കുന്നതിനെ മാർപ്പാപ്പ അനുകൂലിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ ഇറാനുമായുള്ള യുദ്ധം "അനീതിയാണെന്ന്" മാത്രമാണ് മാർപ്പാപ്പ പ്രതികരിച്ചിട്ടുള്ളത്. ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ അമേരിക്ക നടത്തിയ സൈനിക ഇടപെടലിനെ മാർപ്പാപ്പ എതിർത്തതും ട്രംപ് ചൂണ്ടിക്കാട്ടി. മാർപ്പാപ്പ ഒരു "ലിബറൽ" വ്യക്തിയാണെന്നും അദ്ദേഹം തീവ്ര ഇടതുപക്ഷത്തെ സഹായിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. താൻ ഒരിക്കലും അദ്ദേഹത്തിന്റെ ഫാൻ അല്ലെന്നു പറഞ്ഞ ട്രംപ് മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പിലും തനിക്ക് പങ്കുണ്ടെന്ന വിചിത്രമായ അവകാശവാദം ഉന്നയിച്ചു. "ഞാൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നു" എന്ന് അദ്ദേഹം കുറിച്ചു. അമേരിക്കക്കാരനായതുകൊണ്ട് മാത്രമാണ് സഭ അദ്ദേഹത്തെ ഈ സ്ഥാനത്തെത്തിച്ചതെന്നും ട്രംപ് പരിഹസിച്ചു. കൂടാതെ, മാർപ്പാപ്പയുടെ സഹോദരൻ ലൂയി പ്രെവോസ്റ്റ് തന്നെ അനുകൂലിക്കുന്ന "MAGA" (Make America Great Again) ചിന്താഗതിക്കാരനാണെന്നും തനിക്ക് അദ്ദേഹത്തോടാണ് കൂടുതൽ താൽപ്പര്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രസിഡന്റിന്റെ പ്രസ്താവനയിൽ അമേരിക്കൻ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി അതൃപ്തി രേഖപ്പെടുത്തി. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനല്ലെന്നും അദ്ദേഹം ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നും സുവിശേഷ സത്യങ്ങളാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
 

Tags

Share this story

From Around the Web