സ്വിസ്സ് സൈനികര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍: പാപ്പായുടെ അംഗരക്ഷകരായ സ്വിസ് സൈന്യത്തില്‍ പുതിയതായി നിയമിക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞാ വേളയില്‍, പരിശുദ്ധ പിതാവ്, അവരുടെ വിശ്വസ്ത സേവനത്തെ അഭിനന്ദിക്കുകയും, അവര്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു. സൈനികരുടെ സുരക്ഷയില്‍, സഭയുടെയും ലോകത്തിന്റെയും സേവനത്തിലാണ് , പത്രോസിന്റെ പിന്‍ഗാമിക്ക് തന്റെ ദൗത്യം നിര്‍വഹിക്കുവാന്‍ സാധിക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു.
സ്വിറ്റ്സര്‍ലന്റിന്റെ വിവിധ ദേശങ്ങളില്‍ നിന്നുള്ളവരും, വ്യത്യസ്ത ഭാഷകളും, സംസ്‌കാരങ്ങളും, പാരമ്പര്യങ്ങളും ഉള്‍ക്കൊള്ളുന്നവരും ആണെങ്കിലും, ഒരു ഏകീകൃത നിലയില്‍ ഉറച്ചു നില്‍ക്കാനും പരസ്പരം സുഹൃദ് ബന്ധത്തിന്റെ ശക്തവും ആരോഗ്യകരവുമായ ബന്ധങ്ങള്‍ സൃഷ്ടിക്കാനും സൈനികര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു പാപ്പാ പറഞ്ഞു.
വിഭജനങ്ങളും ഒറ്റപ്പെടലും കൂടുതലാകുന്ന ഒരു ലോകത്ത് പൂര്‍ണ്ണമായി തങ്ങളെ തിരിച്ചറിയുന്നതിനും, സേവനത്തിനും, പുരോഗമനത്തിനും പരസ്പരമുള്ള സഹായം ആവശ്യമാണെന്ന് പാപ്പാ അടിവരയിട്ടു.
ഔദാര്യം, സത്യസന്ധത, ഐക്യദാര്‍ഢ്യം, പരസ്പര ബഹുമാനം എന്നിവയാണ് യോജിപ്പുള്ള ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സ്തംഭങ്ങളെന്നും, ഓരോരുത്തരും തന്റെ വാക്കുകളാലും, പെരുമാറ്റത്താലും, ആത്മസമര്‍പ്പണത്താലും, വിശ്വാസത്താലും മറ്റുള്ളവര്‍ക്ക് മാതൃകയാണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
റോം നഗരം, ചരിത്രത്തിലൂടെയുള്ള അവിസ്മരണീയമായ ഒരു യാത്ര നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നുവെന്നും, എന്നാല്‍ അത് കലകളുടെ മാത്രമല്ല, എല്ലാറ്റിനുമുപരിയായി, ക്രിസ്തുവിനെ അനുഗമിച്ച ആദ്യ സാക്ഷികള്‍, രക്തസാക്ഷികള്‍ എന്നിവരുടെയും കൂടിയാണെന്നു പാപ്പാ ഓര്‍മ്മപ്പെടുത്തി.
കര്‍ത്താവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനും, ആന്തരിക ജീവിതം വളര്‍ത്തിയെടുക്കാനും ഇത് സഹായകരമാകട്ടെയെന്നും പാപ്പാ ആഹ്വാനം ചെയ്തു.
താഴ്മയുള്ളവരും, അനുസരണയുള്ളവരും ആയിക്കൊണ്ട് ക്രിസ്തുവിന്റെ പഠനശാലയില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് ഈ ദൗത്യം ബോധ്യത്തോടെ ജീവിക്കാന്‍ പാപ്പാ ഏവരെയും പ്രോത്സാഹിപ്പിച്ചു.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, സാമ്പത്തിക മാറ്റം, സാമൂഹിക പിരിമുറുക്കങ്ങള്‍, ഡിജിറ്റല്‍ വിപ്ലവം, നിര്‍മിത ബുദ്ധി, എന്നിങ്ങനെയുള്ള ഈ തലമുറ നേരിടുന്ന വെല്ലുവിളികളില്‍ വിവേചനവും ഉത്തരവാദിത്തബോധവും ആവശ്യമാണെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
എല്ലാറ്റിനുമുപരിയായി, സുവിശേഷത്തോടും, ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടും വിശ്വസ്തത പുലര്‍ത്താനും പാപ്പാ ആഹ്വാനം ചെയ്തു.