സമാധാനത്തിനും നീതിക്കും വേണ്ടി സംസാരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
കാമറൂണിലെ യൗണ്ടെയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സമാധാനത്തിനും നീതിക്കും വേണ്ടി സംസാരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. സിവിൽ സമൂഹ പ്രതിനിധികളെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്ത പാപ്പ, സമാധാനം എന്നത് വെറുമൊരു വാക്കിലോ, മുദ്രാവാക്യത്തിലോ ഒതുങ്ങേണ്ടതല്ലെന്നും അത് ദൈനംദിന ജീവിതത്തിലും ഭരണസംവിധാനങ്ങളിലും പ്രതിഫലിക്കേണ്ട ഒന്നാണെന്നും ഓർമ്മിപ്പിച്ചു. കാമറൂണിലെ സാംസ്കാരികവും പ്രകൃതിദത്തവുമായ വൈവിധ്യത്തെ ‘ചെറിയ ആഫ്രിക്ക’ എന്ന് വിശേഷിപ്പിച്ച പാപ്പ, ഈ വൈവിധ്യം രാജ്യത്തിന്റെ ബലഹീനതയല്ല, മറിച്ച് ഐക്യത്തിന്റെ വലിയൊരു നിധിയാണെന്ന് ചൂണ്ടിക്കാട്ടി.
അതേസമയം, ലോകമെമ്പാടും നിരാശ പടരുന്ന ഈ കാലഘട്ടത്തിൽ സംവാദത്തിന്റെയും സാഹോദര്യത്തിന്റെയും ഇടയനായിട്ടാണ് പരിശുദ്ധ പിതാവ് എത്തിയിരിക്കുന്നത്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന നിരാശയെക്കുറിച്ചും മാർപാപ്പ ആശങ്ക പ്രകടിപ്പിച്ചു. നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവും മുറുകെപ്പിടിച്ച് കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ യുവാക്കൾ സജീവമായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്ത പാപ്പ, മനുഷ്യാന്തസ്സിനെയും മതസ്വാതന്ത്ര്യത്തെയും മാനിച്ചുകൊണ്ട് കാമറൂണിന്റെ വികസനത്തിന് പരിശുദ്ധ സിംഹാസനം എന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി.
ഭരണാധികാരം എന്നത് ആധിപത്യം സ്ഥാപിക്കാനല്ല, മറിച്ച് താഴ്മയോടെയുള്ള സേവനത്തിനുള്ളതാണെന്ന് വി. അഗസ്റ്റിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ ഓർമ്മിപ്പിച്ചു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എല്ലാവരുടെയും നന്മ ലക്ഷ്യമിട്ടുള്ള സുതാര്യമായ ഭരണമായിരിക്കണം നേതാക്കൾ കാഴ്ചവയ്‌ക്കേണ്ടത്. ഭരണരംഗത്തെ അഴിമതിയെ കടുത്ത ഭാഷയിൽ വിമർശിച്ച പരിശുദ്ധ പിതാവ്, അത് അധികാരത്തിന്റെ വിശ്വാസ്യത തകർക്കുമെന്നും ലാഭത്തോടുള്ള അമിത താൽപര്യം വെടിഞ്ഞ് മനുഷ്യവികസനത്തിനായി നിലകൊള്ളണമെന്നും ആവശ്യപ്പെട്ടു.
കാമറൂണിലെ വടക്കുപടിഞ്ഞാറൻ മേഖലകളിലും മറ്റും നിലനിൽക്കുന്ന സംഘർഷങ്ങളെയും തന്മൂലം ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെയും മാർപാപ്പ വേദനയോടെ അനുസ്മരിച്ചു.
യുദ്ധത്തിന്റെയും അക്രമത്തിന്റെയും യുക്തി ഉപേക്ഷിച്ച് സ്‌നേഹത്തിലും നീതിയിലും അധിഷ്ഠിതമായ സമാധാനത്തിന്റെ വഴി സ്വീകരിക്കാൻ പാപ്പ ആവശ്യപ്പെട്ടു. സമാധാന നിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നു പറഞ്ഞ പാപ്പ, തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വ്യക്തമാക്കി.
വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും കത്തോലിക്കാ സഭ നൽകിവരുന്ന സേവനങ്ങൾ തുടരുമെന്നും എല്ലാ മതനേതാക്കളും സംവാദത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ ഒത്തുചേരണമെന്നും പാപ്പ ആവശ്യപ്പെട്ടു.
യുവാക്കളുടെ തൊഴിലില്ലായ്മയും മയക്കുമരുന്ന് ഉപയോഗവും തടയുന്നതിന് അവർക്കായി തൊഴിലവസരങ്ങളും മികച്ച വിദ്യാഭ്യാസവും ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പാപ്പ പറഞ്ഞു.
കാമറൂണിന് ദൈവാനുഗ്രഹം നേർന്നുകൊണ്ട്, നീതിയും സമാധാനവും നിറഞ്ഞ ഒരു ഭാവി കെട്ടിപ്പടുക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രസംഗം ഉപസംഹരിച്ചത്