വാര്‍ധക്യ സഹജമായ ബലഹീനതകള്‍ നാം ഏറ്റെടുക്കണം: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:അത്മായര്‍ക്കും, കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രായമായവരുടെ അജപാലന ശുശ്രൂഷയെ കുറിച്ചുള്ള രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ പതിനാലാമന്‍ പാപ്പാ സംസാരിച്ചു.
'നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും', എന്ന ജോയേല്‍ പ്രവാചകന്റെ ഗ്രന്ഥത്തിലെ വചനമാണ് സമ്മേളനത്തിന്റെ പ്രമേയം. ഈ വചനം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
വയോജനങ്ങളുടെ 'സ്വപ്നങ്ങളില്‍' നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടും, ജീവിതത്തിന്റെ മഹത്തായ സാഹസികത ആരംഭിക്കുന്നവരുടെ 'ദര്‍ശനങ്ങളാല്‍' സമ്പന്നവുമായ ഒരു കൂട്ടായ്മയാണ് പ്രവാചകന്‍ തന്റെ വചനങ്ങളില്‍ എടുത്തു പറയുന്നതെന്നും, ഇത് തലമുറകള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കുകയും ഓരോ വ്യക്തിക്കും വ്യത്യസ്ത ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ സാര്‍വത്രിക പ്രവര്‍ത്തനത്തെ എടുത്തു കാണിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
വിഭജനങ്ങളും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന ഒരു കാലഘട്ടത്തില്‍, തലമുറകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശിഥിലമാകുന്നുവെന്നത് സത്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ജീവിതത്തെക്കുറിച്ചുള്ള വളരെ അശുഭാപ്തിവിശ്വാസവും സംഘര്‍ഷപരവുമായ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തുന്ന ചിന്താരീതികളാണിവയെന്നും, മറിച്ച് പ്രായമാവര്‍, സ്വാഗതം ചെയ്യപ്പെടേണ്ടുന്ന ഒരു അനുഗ്രഹമാണെന്നും, ഒരു സമ്മാനം എന്ന നിലയില്‍ അവരെ ജീവിതത്തില്‍ സ്വീകരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
പ്രായമായവരുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം അഭൂതപൂര്‍വമായ ഒരു ചരിത്ര പ്രതിഭാസവും, വെല്ലുവിളിയും ആണെന്നും എന്നാല്‍ ഈ യാഥാര്‍ഥ്യത്തെ പുതിയ രീതികളില്‍ വിവേചിക്കാനും മനസ്സിലാക്കാനും നമുക്ക് സാധിക്കണമെന്നും പാപ്പാ പറഞ്ഞു.
'വാര്‍ദ്ധക്യം എല്ലാറ്റിനുമുപരിയായി ജീവിതത്തിന്റെ സാര്‍വത്രിക ചലനാത്മകതയുടെ പ്രയോജനകരമായ ഓര്‍മ്മപ്പെടുത്തലാണ്',പാപ്പാ പറഞ്ഞു.
ഉത്പാദന ക്ഷമതയെ മാത്രം അടിസ്ഥാനപ്പെടുത്തി, ജീവിതത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് ശരിയല്ലായെന്നും, മറിച്ച് മനുഷ്യന്‍ എപ്പോഴും, ആവശ്യങ്ങളുള്ള പരിമിതമായ ഒരു ജീവിയാണെന്നത് മറന്നു പോകരുതെന്നും പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു.
വാര്‍ദ്ധക്യം 'സൃഷ്ടിയുടെ അത്ഭുതത്തിന്റെ ഭാഗമാണ് ' എന്ന് തിരിച്ചറിയുവാനും, ആ അവസ്ഥയിലെ ദുര്‍ബലതയെ അംഗീകരിച്ചുകൊണ്ട്, അവരെ ആലിംഗനം ചെയ്യുവാന്‍ ഏവര്‍ക്കും സാധിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
ജീവിതത്തിന്റെ എല്ലാ പ്രായത്തിലും, ഘട്ടത്തിലും ഓരോ പുരുഷനും സ്ത്രീക്കും രക്ഷകനായി യേശുക്രിസ്തുവിനെ പ്രഘോഷിക്കാന്‍ സഭ എല്ലായ്‌പ്പോഴും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും, പ്രായമായവര്‍ക്ക് കര്‍ത്താവിന്റെ ആര്‍ദ്രത പ്രദാനം ചെയ്യുവാനും, അപ്രകാരം, ആരും ഉപേക്ഷിക്കപ്പെടാതിരിക്കട്ടെയെന്നും, ആരും ഉപയോഗശൂന്യനായി തോന്നാതിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.