കാരുണ്യത്തിന്റെ  അഭാവത്തില്‍ നീതിയില്ലെന്ന് ലിയൊ പതിനാലാമന്‍ പാപ്പാ

​​​​​​​

 
LEO POPE


വത്തിക്കാന്‍:കാരുണ്യം കൂടാതെ നീതി സാദ്ധ്യമല്ലെന്നും അപരന്റെ വേദന ശ്രവിക്കപ്പെടാത്തപ്പോള്‍ നിയമസാധുത്വം ഇല്ലെന്നും ലിയോ പതിന്നാലാമന്‍ പാപ്പ.

മെച്ചപ്പെട്ടൊരു ജീവീതം തേടി കടല്‍കടന്നെത്തിയിട്ടുള്ള ആയിരക്കണിക്കനാളുകളെ സ്വാഗതം ചെയ്തിട്ടുള്ള തെക്കെ ഇറ്റലിയിലെ ദ്വീപുകളില്‍ ഒന്നായ ലാംപെദൂസയുടെ ''സ്വാഗത പ്രവര്‍ത്തന'' പദ്ധതിയെ ഐക്യരാഷ്ട്രസഭയുടെ വിദ്യഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടനയുടെ  യുനെസ്‌കൊയുടെ അമൂര്‍ത്ത സാംസ്‌കാരിക പൈതൃക പട്ടികയില്‍ ചേര്‍ക്കുന്നതിന് പേരുനല്കിയതിനോടനുബന്ധിച്ച് നല്കിയ ഒരു സന്ദേശത്തിലാണ് ലിയൊ പതിനാലാമന്‍ പാപ്പാ ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

യാത്രയ്ക്കിടയില്‍ മദ്ധ്യധരണ്യാഴിയുടെ ആഴങ്ങളില്‍ ജീവന്‍ പൊലിഞ്ഞിട്ടുള്ള നിരവധിയായ അമ്മമാരും കുഞ്ഞുങ്ങളുമുള്‍പ്പടെയുള്ളവരെ അനുസ്മരിക്കുന്ന പാപ്പാ ആ ഇരകള്‍ സ്വര്‍ഗ്ഗത്തോടു മാത്രമല്ല നമ്മുടെ ഹൃദയങ്ങളോടും കേഴുന്നുവെന്നു പറഞ്ഞു. 

കുടിയേറ്റക്കാരായ നിരവധി സഹോദരീസഹോദരന്മാര്‍ ലാംപെദൂസയില്‍ അടക്കം ചെയ്യപ്പെട്ടുവെന്നും അവര്‍ പുതിയൊരു ലോകമായി പൊട്ടമുളയ്ക്കാന്‍ കാത്തിരിക്കുന്ന വിത്തുകള്‍ പോലെ ഭൂമിയില്‍ വിശ്രമിക്കുകയാണെന്നും പാപ്പാ പറയുന്നു.

അതോടൊപ്പം തന്നെ കടല്‍കടന്നെത്തിയ അനേകര്‍ ഇന്ന് മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിലും അവരില്‍ അനേകര്‍ നീതിയുടെയും സമാധാനത്തിന്റെയും പ്രവര്‍ത്തകരായി മാറിയിരിക്കുന്നതിലും പാപ്പാ ദൈവത്തിനു നന്ദി പറയുന്നു. കാരണം നന്മയെന്നത് സാംക്രമികമായ ഒന്നാണെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു.

ഫ്രാന്‍സീസ് പാപ്പാ ലാംപെദൂസയില്‍ വച്ച് അപലപിച്ചു തുടങ്ങിയ നിസ്സംഗതയുടെ ആഗോളവത്കരണം  ഇന്ന് ബലഹീനതയുടെ ആഗോളവത്കരണമായി പരിണമിച്ചിരിക്കുന്ന പ്രതീതിയുളവാകുന്നുവെന്ന് പാപ്പാ പറയുന്നു. 

അനീതിയെയും നിരപരാധികളുടെ വേദനയെയും കുറിച്ച് ഉപരിയവബോധം നാം പുലര്‍ത്തുമ്പോഴും നമ്മള്‍ നിശ്ചലരും നിശബ്ദരും ദുഃഖിതരും ഒന്നും ചെയ്യാന്‍ കഴിയില്ലയെന്ന തോന്നലിന് അടിമപ്പെട്ടവരുമായി നിന്നുപോകുന്ന അപകടമുണ്ടെന്ന വസതുതയും പാപ്പാ ചൂണ്ടിക്കാട്ടുന്നു.

ഈ ബലഹീനതയുടെ ആഗോളവത്കരണം നുണയുടെ പുത്രിയാണെന്ന് പാപ്പാ പറയുന്നു. ആകയാല്‍ ഈ ആഗോളവത്കരണത്തെ അനുരഞ്ജനസംസ്‌കൃതിയാല്‍ ചെറുക്കുന്നതിന് തുടക്കം കുറിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

 സമാധാന ദ്വീപുകള്‍ പെരുകുന്നതിനും പാലങ്ങളുടെ തൂണുകളായി പരിണമിക്കുന്നതിനും അങ്ങനെ ശാന്തി സകലജനതകളിലും സൃഷ്ടികളിലും എത്തിച്ചേരുന്നതിനും വേണ്ടി സമാഗമത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയില്‍ സഞ്ചരിക്കാന്‍ പാപ്പാ പ്രചോദനം പകരുകയും ചെയ്യുന്നു.
 

Tags

Share this story

From Around the Web