ഷാങ്ഹായ് കൗണ്‍സില്‍ ചൈനീസ് സഭയുടെ ചരിത്രത്തിലെ നാഴികക്കല്ല്: ലിയോ പതിനാലാമന്‍ പാപ്പ

റോം: 101 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1924 മെയ് മാസത്തില്‍ ഷാങ്ഹായില്‍ നടന്ന ചൈനീസ് സഭയുടെ ആദ്യ കൗണ്‍സില്‍ 'ചൈനയിലെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു' എന്ന് ലിയോ 14 -ാമന്‍ പാപ്പ.
പൊന്തിഫിക്കല്‍ ഉര്‍ബാനിയാന സര്‍വകലാശാലയുടെ ഗ്രാന്‍ഡ് ചാന്‍സലര്‍ കര്‍ദിനാള്‍ ലൂയിജി അന്റോണിയോ ടാഗ്ലെയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടന വേളയില്‍, എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞ സദസ്സില്‍ പാപ്പയുടെ വാക്കുകള്‍ വായിച്ചു.
1924-ലെ ചൈനീസ് കൗണ്‍സിലിന്റെ ശതാബ്ദി ആഘോഷിക്കുന്ന സമ്മേളനത്തിന്റെ നടപടിക്രമങ്ങളുടെ അവതരണത്തോടെയാണ് ഉര്‍ബാനിയാന സര്‍വകലാശാലയില്‍, അധ്യയന വര്‍ഷം ആരംഭിച്ചത്.
നല്ല കത്തോലിക്കരായിരിക്കുക എന്നത് ഒരു തരത്തിലും ഒരാളുടെ മാതൃരാജ്യത്തോടുള്ള വിശ്വസ്തതയ്ക്ക് വിരുദ്ധമല്ല എന്ന് കര്‍ദിനാള്‍ പരോളിന്‍ പറഞ്ഞു.
ആദ്യ ചൈനീസ് കൗണ്‍സില്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ ശുദ്ധീകരണത്തിന്റെ നിമിഷമായിരുന്നു എന്ന് കര്‍ദിനാള്‍ ടാഗ്ലെ പറഞ്ഞു.
ചൈനയിലെ കത്തോലിക്കാ സഭയുടെ ആദ്യ പ്ലീനറി കൗണ്‍സിലായിരുന്നു 1924-ല്‍ നടന്ന ഷാങ്ഹായ് കൗണ്‍സില്‍. വിദേശ രാഷ്ട്രീയ താല്‍പ്പര്യങ്ങളില്‍ നിന്ന് വേര്‍പെടുത്തി, പ്രാദേശിക സംസ്‌കാരവുമായി സംയോജിപ്പിച്ച് ചൈനീസ് കത്തോലിക്കാ സഭയെ മുമ്പോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സില്‍ നടത്തിയത്.
1924-ല്‍ ഷാങ്ഹായില്‍ ആരംഭിച്ച ആ യാത്രയുടെ തുടര്‍ച്ചയായി നടത്തിയ ഏറ്റവും പുതിയ നീക്കമാണ് 2018-ലെ എപ്പിസ്‌കോപ്പല്‍ നിയമനങ്ങള്‍ സംബന്ധിച്ച് പരിശുദ്ധ സിംഹാസനവും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള താല്‍ക്കാലിക കരാറെന്നും കര്‍ദിനാള്‍ പരോളിന്‍ പറഞ്ഞു.
2018 സെപ്റ്റംബര്‍ 22-ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റ് കാലത്താണ് ഇത് ഒപ്പുവച്ചത്. കരാര്‍ മൂന്ന് തവണ പുതുക്കിയിരുന്നു. 2024 ഒക്ടോബറില്‍ നാല് വര്‍ഷത്തെ കാലാവധിയോടെയാണ് അവസാനവട്ടം കരാര്‍ പുതുക്കിയത്.