സമാധാന പ്രവര്‍ത്തനത്തിന് പക്വതയും പരസ്പരധാരണയും ആവശ്യമെന്ന് ലിയോ പതിന്നാലാമന്‍ പാപ്പാ

വത്തിക്കാന്‍: സമാധാനത്തിനായി പ്രവര്‍ത്തിക്കുകയെന്നത് മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും എല്ലാവരുടെയും ഉന്നതിക്ക് വഴിതെളിക്കുന്നതായ പരിഹാരം കണ്ടെത്താന്‍ സഹകരിക്കുന്നതിനും ആവശ്യമായ നിസ്വാര്‍ത്ഥയും പക്വതയും കാണിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിക്കുന്നു.
8 മാസത്തിലേറെയായി വിവിധ രാജ്യക്കാരായ 25 യുവതീയുവാക്കളുമായി ''സമാധാന പ്രയാണം'' നടത്തുന്ന ''മെഡ് 25 ബെല്‍ ഇസ്പ്വാ'' എന്ന യാത്ര മുപ്പതോളം തുറമുഖങ്ങള്‍ പിന്നിട്ട് റോമിലെ ഓസ്തിയ വിനോദസഞ്ചാര തുറമുഖത്തെത്തിയപ്പോള്‍ ആ കപ്പലിലുണ്ടായിരുന്ന യുവതീയുവാക്കളെ സംബോധനചെയ്യുകയായിരുന്നു ലിയൊ പതിനാലാമന്‍ പാപ്പാ.
ഓരോ മാസവും വിവിധ ദേശങ്ങളിലും മതങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുള്ളവരായ യുവജനങ്ങളുടെ വ്യത്യസ്തസംഘവുമായി പ്രയാണം തുടരുന്ന യാനം അതിന്റെ യാത്രയുടെ അന്ത്യഘട്ടത്തോടു അടുത്തുകൊണ്ടിരിക്കുന്നതും ഈ യാത്ര ഇരുനൂറോളം യുവതീയുവാക്കള്‍ക്ക് പരസ്പരം പരിചയപ്പെടാനും ഭിന്നവിഷയങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാനും ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനും അവസരമൊരുക്കിയനതും പാപ്പാ അനുസ്മരിച്ചു.
വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കുന്നിലും, തുടര്‍ന്ന് ഒരു പൊതു ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലും അന്തര്‍ലീനമായിരിക്കുന്ന സന്തോഷങ്ങളും ബുദ്ധിമുട്ടുകളും അടങ്ങുന്ന ഇത്തരത്തിലുള്ള അനുഭവം വിസ്മയകരമായ ഒരു ഉള്‍ക്കാഴ്ച പ്രദാനം ചെയ്യുന്നുവെന്നും അസൗകര്യത്തിന്റെയോ അസ്വസ്ഥതയുടെയോ നിമിഷങ്ങള്‍ ഉണ്ടായിരുന്നിരിക്കാം, എന്നാല്‍ അപ്പോഴാണ് നമുക്ക് നമ്മെയും മറ്റുള്ളവരെയും മനസ്സിലാക്കുന്നതില്‍ വളരുകയും പക്വത പ്രാപിക്കുകയും ചെയ്യാന്‍ കഴിയുന്നതെന്നും പാപ്പാ പറഞ്ഞു
''സമാധാനം കെട്ടിപ്പടുക്കല്‍'' എന്ന യാത്രാപ്രമേയത്തെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ മാപ്പുനല്കല്‍ സമാധാനം നേടിയെടുക്കുന്നതിന് സത്താപരമാണെന്ന് യേശു പഠിപ്പിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
മുന്‍വിധികള്‍, വിദ്വേഷം അല്ലെങ്കില്‍ തിക്തത എന്നിവ വെടിയുകയും നമ്മുടെ സ്വന്തം തെറ്റുകള്‍ക്ക് മാപ്പു ലഭിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് ആദ്യം സമാധാനമെന്ന ദാനം സ്വീകരിക്കാനും പിന്നീട് അത് മറ്റുള്ളവരുമായി പങ്കിടാനും കഴിയൂ എന്നും പാപ്പാ പറഞ്ഞു.