സന്യസ്തര്‍ ദൈവത്തിന്റെ ഉപകരണങ്ങളാണ്: ലിയോ പതിനാലാമന്‍ പാപ്പാ

 
PAPA


വത്തിക്കാന്‍:സന്യസ്തരായ സ്ത്രീകള്‍ ഇന്നത്തെ സമൂഹത്തിനു നല്‍കുന്ന ധൈര്യപൂര്‍വ്വമായ സേവനങ്ങളെ അടിവരയിട്ടു കൊണ്ട്, വിശുദ്ധ  നാട്ടിലെ നിഷ്പാദുക കര്‍മ്മലീത്ത സന്യാസിനികള്‍ക്കും,  വിശുദ്ധ കാതറിന്‍ സന്യാസസമൂഹത്തിലെയും, മറിയത്തിന്റെ വിമലഹൃദയ സലേഷ്യന്‍ മിഷനറി സന്യാസ സമൂഹത്തിലേയും, വിശുദ്ധ പോള്‍ ഓഫ് ചാര്‍ട്രസ് സന്യാസ സമൂഹത്തിലേയും ജനറല്‍ ചാപ്റ്റര്‍ അംഗങ്ങള്‍ക്കും പരിശൂദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ സന്ദേശം നല്‍കി. 


സെപ്റ്റംബര്‍ മാസം ഇരുപത്തിരണ്ടാം തീയതി നല്‍കിയ സ്വകാര്യ സദസ്സിലാണ് സന്യാസത്തെക്കുറിച്ചുള്ള വിവിധ കാഴ്ചപ്പാടുകള്‍ പാപ്പാ പങ്കുവച്ചത്. 


ശക്തരും ധൈര്യശാലികളുമായ നിരവധി സ്ത്രീകള്‍, ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ട്, തങ്ങളുടെ ജീവന്‍ പോലും ത്യാഗം ചെയ്യുവാന്‍ തയ്യാറായത് ഇന്നും അനേകര്‍ക്ക് മാതൃകയാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.

ധ്യാനത്തിലും അപ്പസ്‌തോലിക പ്രതിബദ്ധതയിലും പ്രതിഷ്ഠിക്കപ്പെട്ട സ്ത്രീകളെന്ന നിലയില്‍, സന്യസ്തര്‍ക്ക്  ഉപവാസത്തിലൂടെ ശരീരങ്ങളെ നിയന്ത്രിക്കുവാനും, പ്രാര്‍ത്ഥനയാല്‍ മനസിനെ പോഷിപ്പിക്കുവാനും, സ്വര്‍ഗീയ സന്തോഷത്താല്‍ ദാഹം ശമിപ്പിക്കുവാനും സാധിക്കണമെന്ന് പാപ്പാ പറഞ്ഞു.

 ദൈവത്തില്‍നിന്നു ലഭിക്കുന്ന ശക്തി നിമിത്തം മാത്രമാണ് സന്യാസത്തിന്റെ സേവനങ്ങള്‍ ചെയ്യുവാന്‍ സാധിക്കുന്നതെന്നും, നാം ചെയ്യുന്ന പ്രവൃത്തികള്‍ കര്‍ത്താവിന്റെ കൈകളിലാണെന്നും, നാമേവരും ചെറുതും, അപര്യാപ്തവുമായ ഉപകരണങ്ങള്‍ മാത്രമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

ഇന്നും നമ്മുടെ സമൂഹം ആഗ്രഹിക്കുന്നത്  ഉദാരമതികളായ സന്യസ്തരെയാണെന്നും, വിദ്വേഷവും അക്രമവും കൊണ്ട് കീറിമുറിക്കപ്പെട്ട ഇടങ്ങളില്‍ പോലും, സന്യസ്തരുടെ ജാഗ്രതയും, നിശബ്ദമായ സാന്നിധ്യവും, ദൈവത്തിങ്കല്‍ നമ്മെ തന്നെ ഭരമേല്പിക്കുന്നതിലുള്ള സാക്ഷ്യവും , നിരന്തരമായ പ്രാര്‍ത്ഥനകളും ഏറെ ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
 

Tags

Share this story

From Around the Web